കൊച്ചി: കളമശേരിയില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളെ കളമശേരിയിലെ കൊവിഡ് സെന്ററില്‍ പ്രവേശിപ്പിച്ചു. എറണാകുളം സ്വദേശിയായ ഇദ്ദേഹം സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു.
ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആറു പോലീസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലേക്കു മാറ്റിയേക്കും. സ്റ്റേഷനിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് ടെസ്റ്റ് നടത്തും. വിദേശത്ത് നിന്നെത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഡ്യൂട്ടിയായിരുന്നു ഇദ്ദേഹത്തിന്. എന്നാല്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സമ്പര്‍ക്കത്തിലൂടെയാകാം രോഗം ബാധിച്ചതെന്നാണ് സൂചന.
അതേസമയം, എറണാകുളം ജില്ലയില്‍ ഇന്നലെ മാത്രം അഞ്ച് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 102 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളജിലും അങ്കമാലി അഡല്ക്സിലുമായി 97 പേരും, ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ 4 പേരും, സ്വകാര്യ ആശുപത്രിയില്‍ ഒരാളും ചികിത്സയിലുണ്ട്.
ഇന്നലെ 729 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 733 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11998 ആണ്. ഇതില്‍ 10193 പേര്‍ വീടുകളിലും, 539 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും, 1266 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.