
ആലപ്പുഴ: സംസ്ഥാനത്ത് ഭീതി പടർത്തിയ കുറുവ സംഘത്തിലെ ഒരാൾ പിടിയിലായതിന് പിന്നാലെ കൂടുതൽ പേരെ തിരിച്ചറിഞ്ഞ് പോലീസ്. അറസ്റ്റിലായ സന്തോഷ് സെൽവത്തിന്‍റെ കൂട്ടാളികളായ വേലനെയും പശുപതിയെയുമാണ് തിരിച്ചറിഞ്ഞത്. അതേസമയം മോഷണത്തിന് ശേഷം ഇവർ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിലേക്ക് കടന്നെന്നാണ് സംശയിക്കുന്നത്.
തമിഴ്നാട് കാമാക്ഷിപുരം സ്വദേശികളാണ് വേലനും പശുപതിയും. സന്തോഷ് സെൽവം പിടിയിലായ ശേഷമാണ് ഇവരെക്കുറിച്ചുള്ള സൂചന ലഭിക്കുന്നത്. നേരത്തെ പാലായിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ജൂണിൽ ഇരുവരെയും പൊള്ളാച്ചിയിൽ നിന്ന് പിടികൂടിയിരുന്നു. സന്തോഷ് സെൽവത്തിനൊപ്പമാണ് ഇവർ ജയിലിൽ കഴിഞ്ഞത്.
ജയിലിൽ നിന്നിറങ്ങിയ ശേഷം സന്തോഷ് സെൽവത്തിനൊപ്പം കൊച്ചിയിലെത്തിയ ഇവർ നഗരം കേന്ദ്രീകരിച്ചാണ് മോഷണം ആസൂത്രണം ചെയ്തത്. ഇതിനു പിന്നാലൊണ് ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത്. 14 പേരുള്ള കുറുവ സംഘത്തിലെ 3 പേരെയാണ് പോലീസ് നിലവിൽ തിരിച്ചറിഞ്ഞത്. മറ്റുള്ളവരെ കണ്ടെത്താൻ ശ്രമം നടക്കുകയാണ്.
കുറുവകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ജനങ്ങൾ ഭീതിയിലാണ്. അർധനഗ്നരായി, മുഖം മറച്ച്, ശരീരമാസകലം എണ്ണ തേച്ചാണ് ഇവർ മോഷ്ണത്തിനെത്തുന്നത്. മോഷണം നടത്തുന്നതിനിടയിൽ ചെറുത്ത് നിൽക്കുന്നവരെ കൊല്ലാൻ പോലും മടിയില്ലാത്ത സംഘമെന്നാണ് കുറുവകൾ അറിയപ്പെടുന്നത്.
ആലപ്പുഴയിലെ മോഷണത്തിന് പിന്നിൽ കുറുവ സംഘമാണെന്നാണ് സ്ഥിരീകരിച്ചതെങ്കിലും എറണാകുളത്തും ഇവരുടെ സാന്നിധ്യമുണ്ടെന്നാണ് സംശയം. പറവൂരിലെ വീടുകളിൽ മോഷണ ശ്രമം നടത്തിയത് കുറുവ സംഘമാണെന്ന നിഗമനത്തിലാണ് പോലീസ്. ആലപ്പുഴയിൽ പുന്നപ്ര തൂക്കുകുളത്തെത്തിയ കുറുവ സംഘത്തെ പിടികൂടാനുള്ള ശ്രമത്തിൽ യുവാവിനെ സംഘം ആക്രമിക്കുകയും ചെയ്തിരുന്നു.
ആലപ്പുഴയിൽ കൂടുതൽ സ്ഥലങ്ങളിൽ കുറുവാസംഘം മോഷണത്തിന് എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. പുന്നപ്രയിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്‍റെയും അരപ്പവനോളം വരുന്ന മാലയും കുറുവ സംഘം മോഷ്ടിച്ചിരുന്നു. മണ്ണഞ്ചേരി കോമളപുരത്ത് രണ്ട് വീടുകളിലും ചേർത്തല, കരീലക്കുളങ്ങര ഭാഗങ്ങളിലും കുറവാ സംഘം എത്തിയതിന്‍റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കുറുവ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. രാത്രികാല പട്രോളിങ് പോലീസ് ശക്തമാക്കിയുണ്ട്.