കൊച്ചി: സനു മോഹന്റെ കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ കണ്ട രക്തക്കറ വൈഗയുടേത് തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിന്റെ ഡിഎന്‍എ പരിശോധനാ ഫലം അന്വേഷണ സംഘത്തിന് ലഭിച്ചു. മകളെ ദേഹത്തോടു ചേര്‍ത്തു ഞെരിച്ചു കൊലപ്പെടുത്തിയപ്പോള്‍ മൂക്കില്‍നിന്നു രക്തം വന്നെന്നും പുതപ്പുപയോഗിച്ചു രക്തം തുടച്ചുക്കളഞ്ഞെന്നുമായിരുന്നു സനുവിന്റെ മൊഴി.
പുതപ്പിലെ രക്തം വാഷ് ബേസില്‍ കഴുകികളഞ്ഞെന്നും നേരത്തെയും സനു പറഞ്ഞിരുന്നു. എന്നാല്‍ ഈ പുതപ്പ് കണ്ടെടുക്കാനായിട്ടില്ല.അതേസമയം, സനുമോഹനെ തെളിവെടുപ്പിനായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. കൊച്ചിയിലെ തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയാണ് സനുമോഹനെ അന്വേഷണസംഘം കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത്.
സനുവിന്റെ കാര്‍ വിറ്റ കേന്ദ്രത്തിലും രണ്ട് ദിവസം താമസിച്ച ഹോട്ടലിലും എത്തി. ലക്ഷങ്ങള്‍ വിലയുള്ള ഫോക്സ് വാഗണ്‍ കാര്‍ 50,000 രൂപയ്ക്കാണ് കോയമ്പത്തൂരില്‍ വിറ്റതെന്ന് സനു മോഹന്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കാര്‍ വിറ്റശേഷം നഗരത്തില്‍ത്തന്നെയുള്ള ലോഡ്ജിലാണ് ഇയാള്‍ തങ്ങിയത്. ഈ കേന്ദ്രങ്ങളില്‍ തൃക്കാക്കര സിഐ കെ ധനപാലന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
ബംഗളൂരു, കൊല്ലൂര്‍, ഗോവ, പുണെ എന്നിവിടിങ്ങളിലും സനു മോഹനെ എത്തിച്ച് തെളിവെടുക്കും. ആദ്യഘട്ട തെളിവെടുപ്പിനുശേഷം സനുവിന്റെ ഭാര്യ രമ്യയില്‍നിന്ന് മൊഴിയെടുത്തേക്കും. വൈഗ മരിച്ചതിനുശേഷം രമ്യയില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സനുവിനെയും രമ്യയെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെത്തിച്ചുള്ള തെളിവെടുപ്പ് പ്രയാസത്തിലാകുമെന്ന് പൊലീസ് കരുതുന്നു.