ആലപ്പുഴ: കായംകുളത്ത് ഡി.വൈ.എഫ്.ഐ നേതാവിനെ പിടികൂടാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ അര്‍ദ്ധരാത്രി തോക്കുമായി യുവതിയും കുഞ്ഞും മാത്രമുള്ള വീട്ടിലെത്തിയതായി പരാതി. എന്നാല്‍ ക്രിമിനല്‍ കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവ് മാസങ്ങളായി ഒളിവിലാണെന്നും ഇയാളെ പിടികൂടാനാണ് വീട്ടില്‍ പരിശോധന നടത്തിയതെന്നുമാണ് പോലീസിന്റെ വാദം.
കായംകുളത്തെ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് സാജിദ് ഷാജഹാന്റെ വീട്ടില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് പോലീസ് എത്തിയത്. കൈയില്‍ തോക്കുമായെത്തിയ കായംകുളം സി.ഐ ഗോപകുമാര്‍ മുറികള്‍ തുറന്ന് പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വീടിന് താഴെയായി മറ്റ് പോലീസുകാരും അണിനിരന്നു. തോക്കുചൂണ്ടി മോശമായി സംസാരിച്ചുവെന്നാണ് ഡി.വൈ.എഫ്.ഐയുടെ പരാതി. വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
എംഎസ്എം കോളജിലെ അടിപിടികേസ് ഉള്‍പ്പടെ നാലു കേസുകളില്‍ പ്രതിയാണ് സാജിദ് എന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്യാതിരിക്കാന്‍ പാര്‍ട്ടി ഓഫീസിലാണ് രാത്രി കഴിയുന്നത്. നോമ്പുകാലമായതിനാല്‍ വീട്ടിലെത്തിയിട്ടുണ്ടാകാം എന്ന സംശയത്തിലാണ് പരിശോധന നടത്തിയതെന്നും മാരകായുധങ്ങള്‍ ഉപയോഗിക്കുന്ന ആളായതിനാലാണ് സ്വയരക്ഷയ്ക്ക് തോക്ക് കരുതിയതെന്നും പോലീസ് അറിയിച്ചു.