KeralaNews

കടലിൽ ചാടുമെന്ന് ഭീഷണി: എയർ ഇന്ത്യ എക്സ്‌പ്രസിൽ യാത്ര ചെയ്ത മലയാളി മംഗളൂരുവിൽ അറസ്റ്റിൽ

മംഗളൂരു∙ എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്–മംഗളൂരു വിമാനത്തിൽ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയും വിമാനത്തിൽനിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത മലയാളി അറസ്റ്റിൽ. കണ്ണൂർ സ്വദേശി ബി.സി. മുഹമ്മദാണ് അറസ്റ്റിലായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ മാസം 9നാണ് സംഭവം നടന്നത്. എട്ടിന് രാത്രി ദുബായിൽനിന്നും യാത്ര തുടങ്ങി ഒൻപതിന് രാവിലെ 7.30നു മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ എത്തും വിധമാണ്  സർവീസ്. 

ദുബായിൽനിന്നും വിമാനം എടുത്തതിന് പിന്നാലെ മുഹമ്മദ് ശുചിമുറിയിൽ കയറി. അവിടെനിന്ന് ഇറങ്ങിയതിന് പിന്നാലെ കൃഷ്ണ എന്നയാളുടെ വിവരങ്ങൾ തേടി ജീവനക്കാരെ സമീപിച്ചു. കൃഷ്ണ എന്ന പേരിൽ ഒരു യാത്രക്കാരൻ വിമാനത്തിൽ ഉണ്ടായിരുന്നില്ല. തുടർന്നു യാത്രക്കാര്‍ക്കും ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ മുഹമ്മദ് പെരുമാറിയെന്നാണ് പരാതി.

വിമാനത്തിൽനിന്നും കടലിലേക്കു ചാടുമെന്ന് ഭീഷണി മുഴക്കി, ലൈഫ് ജാക്കറ്റ് ഊരി ക്രൂവിന് നൽകി, ഒരു കാരണവുമില്ലാതെ സർവീസ് ബട്ടൺ നിരന്തരം അമർത്തി, അനാവശ്യ ചോദ്യങ്ങൾ ചോദിച്ച് ജീവനക്കാരെ ബുദ്ധിമുട്ടിച്ചു, തുടങ്ങി നിരവധി ആരോപണങ്ങളാണ് മുഹമ്മദിന് എതിരെ പരാതിയിലുള്ളത്. 

മംഗളൂരുവിൽ വിമാനമെത്തിയശേഷം എയർപോർട്ട് സെക്യൂരിറ്റി ജീവനക്കാർ മുഹമ്മദിനെ പിടികൂടുകയും പൊലീസിന് കൈമാറുകയുമായിരുന്നു. വിമാനത്തിന്റെ സെക്യൂരിറ്റി കോഓർഡിനേറ്റർ സിദ്ധാർഥ് ദാസ് ബജ്‍പേ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button