പാറ്റ്ന: സ്കൂളിലെ റിപ്പബ്ലിക് ദിന ചടങ്ങളിൽ മദ്യപിച്ച് എത്തിയ പ്രധാനാധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. സമ്പൂർണ മദ്യ നിരോധനം നടപ്പാക്കിയ ബിഹാറിലാണ് സംഭവം. കഴിഞ്ഞ ദിവസത്തെ ചടങ്ങിൽ വെച്ച് ദേശീയ പതാക ഉയർത്താൻ കഴിയാതെ ബുദ്ധിമുട്ടിയ അധ്യാപകനെ കണ്ട നാട്ടുകാരാണ് എംഎൽഎയും പൊലീസിനെയും വിവരമറിയിച്ചത്.
മുസഫർപൂർ ജില്ലയിലെ മിനാപൂരിലുള്ള സർക്കാർ സ്കൂളിലാണ് സംഭവം. ഹെഡ്‍മാസ്റ്റർ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ നാട്ടുകാർ പ്രദേശത്തെ എംഎൽഎയായ ആർജെഡി നേതാവ് രാജീവ് കുമാറിനെയും പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അധ്യാപകനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി ബ്രീത്ത് അനലൈസർ പരിശോധന നടത്തി. പിന്നാലെ മെഡിക്കൽ ടെസ്റ്റിനും വിധേയനാക്കി. തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
തന്റെ നിസ്സാഹയത കാരണമാണ് മദ്യപിച്ചതെന്ന്, അറസ്റ്റിലാവുന്നതിന് മുമ്പ് ഇയാൾ പറഞ്ഞു. അഞ്ച് മാസമായി ശമ്പളമില്ല. ഉച്ചക്കഞ്ഞി കൊടുക്കാനുള്ള പണം പോലും കിട്ടുന്നില്ല. ഈ സ്കൂൾ നടത്തിക്കൊണ്ടു പോകാനുള്ള കഷ്ടപ്പാട് തനിക്കറിയാം. കടക്കെണിയിലാണ് ഇപ്പോൾ. വീട്ടുകാര്യങ്ങളും സ്കൂളും നടത്തിക്കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് മനസിലാക്കണമെന്നും അധ്യാപകൻ പറഞ്ഞു.
മദ്യപിക്കാൻ ആരാണ് പണം നൽകിയതെന്ന ചോദ്യത്തിന് ചില അടുപ്പക്കാർ പണം നൽകിയെന്നും അല്ലാതെ തന്റെ കൈയിലെവിടെ പണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. അതേസമയം സംസ്ഥാനത്തെ മദ്യനിരോധനത്തിന്റെ യാഥാർത്ഥ്യമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നതെന്ന് എംഎൽഎ രാജീവ് കുമാർ പറഞ്ഞു. എല്ലായിടത്തും മദ്യം സുലഭമാണെന്നും അധ്യാപകനെതിരെ നടപടി എടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. മാസങ്ങളായി അധ്യാപകർക്ക് ശമ്പളം നൽകുന്നില്ലെന്ന ആരോപണവും സംസ്ഥാനത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.