KeralaNews

‘കൊറിയന്‍ ബാന്‍ഡ് വിഡിയോകൾ സ്ഥിരം കണ്ടു, അഡിക്‌ഷനായി’;ഒടുവിൽ സ്വയം ജീവനൊടുക്കി തീരാനോവായി ജീവ

തിരുവനന്തപുരം : കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയത് മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തെ തുടർന്നെന്നു പൊലീസ്. നാവായിക്കുളം സ്വദേശി ജീവ മോഹനെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണിന് അടിമപ്പെട്ടെന്നും പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നുമുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.

കൊറിയന്‍ ബാന്‍ഡുകളുടെ യൂട്യൂബ് വിഡിയോകൾ ജീവ സ്ഥിരമായി കാണുമായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു.‌ പഠനത്തില്‍ മിടുക്കിയായിരുന്ന ജീവയ്ക്കു പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു. എന്നാൽ പ്ലസ് വണ്ണിൽ എത്തിയപ്പോള്‍ പഠനത്തില്‍ പിന്നാക്കം പോയി. അടുത്തിടെ നടന്ന ക്ലാസ് പരീക്ഷയിൽ ജീവയ്ക്കു മാര്‍ക്ക് കുറഞ്ഞിരുന്നു.

ഇതിനു കാരണം തന്റെ മൊബൈല്‍ അഡിക്‌ഷനാണെന്ന് തിരിച്ചറിഞ്ഞ് ആത്മഹത്യ ചെയ്യുന്നെന്നാണ് മൂന്നു പേജുള്ള കുറിപ്പില്‍ ജീവ പറയുന്നത്. ജീവയുടെ സമൂഹമാധ്യമങ്ങളുടെ ഉപയോഗം, ഗെയിമുകളിലെ ആസക്തി എന്നിവയും പൊലീസ് പരിശോധിച്ചു വരികയാണ്. കൊറിയന്‍ ബാന്‍ഡുകളുടെ വിഡിയോയാണ് കുട്ടിയെ മൊബൈലിന്‍റെ അമിത ഉപയോഗത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.

പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി പാസ്സായ മിടുമിടുക്കിയായിരുന്നു ജീവ. പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള കുട്ടി. അച്ഛൻ നേരത്തേ മരിച്ചു. അതിന്‍റെ വേദനകളുണ്ടായിരുന്നെങ്കിലും അമ്മയും അനിയത്തിയും മുത്തശ്ശനും മുത്തശ്ശിയും ഏറെ സ്നേഹത്തോടെ കഴിയുന്ന കുടുംബമായിരുന്നു അത്. ജീവയുടെ അപ്രതീക്ഷിത മരണത്തിൽ നടുങ്ങിയിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. 

ഇന്നലെ രാവിലെ പഠിക്കാൻ മുറിയിൽ കയറിയ പതിനാറുകാരി ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ എത്തി ജനൽ ചില്ല് പൊളിച്ചപ്പോൾ കണ്ടത് മുകളിലെ നിലയിലെ കിടപ്പുറിയിലെ ഫാനിൽ തൂങ്ങി മരിച്ച  നിലയിൽ.

”വീട്ടുകാർക്കും നാട്ടുകാർക്കും നല്ല മതിപ്പുള്ള കുട്ടിയായിരുന്നു. എല്ലാം മനസ്സിലാക്കി പഠിക്കുന്ന, മികച്ച ഒരു വിദ്യാർത്ഥിനിയായിരുന്നു. എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു ജീവയെ”, ബന്ധുവായ അനിൽകുമാർ പറയുന്നു. 

‘ഫോണിൽ നിന്ന് മോചനം കിട്ടുന്നില്ല’

ആറ് താളുകളിലായി വലിയൊരു കുറിപ്പെഴുതി വച്ചാണ് ഈ പതിനാറുകാരി ജീവനൊടുക്കിയത്. മൊബൈൽ ഫോണിന് അടിമയായിപ്പോയി. പഠനത്തിൽ ശ്രദ്ധ കിട്ടുന്നില്ല. ഉറ്റ കൂട്ടുകാരില്ല… ആറ് താളുകളിലായി മനസ്സിനെ ഉലച്ച, വേദനയിലാഴ്ത്തിയ വിഷമങ്ങളെക്കുറിച്ചെല്ലാം നീണ്ട കുറിപ്പെഴുതി വച്ച് യാത്ര പറഞ്ഞു ജീവ. ടെൻഷൻ വരുമ്പോൾ ബിടിഎസ് അടക്കമുള്ള കൊറിയൻ സംഗീതബാൻഡുകളിൽ അഭയം തേടുമായിരുന്നു ജീവ. വേറെ വഴിയില്ല. കൂട്ടുകാരില്ല. ഒറ്റപ്പെട്ടുപോയെന്ന ദുഃഖമാണ് ജീവ എഴുതിയ കുറിപ്പുകളിൽ നിറയെ… 

പഠനത്തിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല. പാട്ടുകൾ കേൾക്കാൻ മാത്രമേ തോന്നുന്നുള്ളൂ. എനിക്കെന്തായാലും ഇങ്ങനെ സംഭവിച്ചു, തന്‍റെ അനിയത്തിക്ക് മൊബൈൽ കൊടുക്കരുത്. അവൾക്കിങ്ങനെ സംഭവിക്കരുതെന്നെല്ലാം അവളാ കത്തിൽ എഴുതിവച്ചിട്ടുണ്ട്”, എന്ന് ബന്ധുവായ ബിനുകുമാർ പറയുന്നു. 

ഫോണിൽ നിന്നും തനിക്ക് മോചനം ലഭിക്കുന്നില്ലെന്ന് ആത്മഹത്യ ചെയ്ത ജീവയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. അവൾ എഴുതുന്നതിങ്ങനെ:”അമ്മേ, പഠിക്കാൻ ഫോൺ വാങ്ങിയിട്ട് അമ്മയെ താൻ പറ്റിക്കുകയായിരുന്നു. പഠിക്കുന്നതിന് പകരം മ്യൂസിക് ബാൻഡുകൾ കേൾക്കുകയായിരുന്നു ഞാൻ. എനിക്ക് പശ്ചാത്താപമുണ്ട്. അമ്മ തന്‍റെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങുമ്പോൾ ദേഷ്യം വരാറുണ്ട്”, സങ്കടത്തോടെ ജീവ എഴുതുന്നു. 

സാധാരണ കാണും പോലെ ഓൺലൈൻ സൗഹൃദങ്ങളോ ഓൺലൈൻ ഗെയിം അഡിക്ഷനോ പരിധിവിട്ട സാമൂഹിക മാധ്യമ ഉപയോഗമോ പെൺകുട്ടിക്കില്ലെന്ന് മൊബൈൽ ഫോൺ പ്രാഥമികമായി പരിശോധിച്ച പൊലീസ് പറയുന്നു. കൂടുതൽ വ്യക്തത വരുത്താൻ മൊബൈൽ ഫോൺ വിശദമായി പരിശോധിക്കും. മൊബൈൽ ഫോൺ അഡിക്ഷനോടൊപ്പം പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നുണ്ടായ വിഷാദവുമാകാം മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ കല്ലമ്പലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker