ഫിലഡൽഫിയയിൽ തകർന്ന് വീണത് രോഗിയായ പെൺകുട്ടിയുമായി പോയ വിമാനം, അമ്മയും പൈലറ്റുമടക്കം 6 പേർക്കും ദാരുണാന്ത്യം
വാഷിങ്ടൺ: അമേരിക്കയിലെ ഫിലഡൽഫിയയിൽ ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നു വീണുണ്ടായ അപകടത്തിൽ ആറ് മരണം. വിമാനം തകർന്ന് വീണ പ്രദേശത്തെ 19 പേർക്ക് പരിക്കേറ്റു. ജനുവരി 30ന് വാഷിങ്ങ്ടണിൽ ഹെലികോപ്റ്ററും വിമാനവും ആകാശത്ത് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 64 പേർ മരിച്ചതിന് തൊട്ടു പിന്നാലെയാണ് അമേരിക്കയെ നടുക്കി മറ്റൊരു വിമാന അപകടം കൂടി സംഭവിച്ചത്. മെകിസികോ സ്വദേശികളാണ് അപകടത്തിൽ മരിച്ചത്,
ഫിലഡൽഫിയയിലെ ഒരു ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് രോഗിയായ പെൺകുട്ടിയുമായി മിസ്സോറി വഴി മെക്സിക്കോയിലേക്ക് മടങ്ങുകയായിരുന്ന വിമാനമാണ് ജനവാസ മേഖലയിൽ തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന രോഗിയായ പെൺകുട്ടിയും അമ്മയും അടക്കം ആറ് പേരും മെക്സിക്കോ സ്വദേശികളാണ്. രണ്ട് എഞ്ചിനുള്ള ലിയർജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്. വെള്ളിയാഴ്ച്ച വൈകീട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്. സ്വകാര്യ വിമാനത്തിന്റെ ചിലവ് വഹിച്ചത് ഒരു ജീവകാരുണ്യ സംഘടനയാണെന്നാണ് വിവരം.
റൂസ്‌വെൽറ്റ് മാളിനടുത്താണ് വിമാനം തകർന്ന് വീണത്. വിമാനത്തിൽ രണ്ട് പൈലറ്റുമാരും രണ്ട് ഡോക്ടമാരും കുഞ്ഞും, അമ്മയുമാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് സമീപത്തുള്ള വീടുകളിൽ തീ പടർന്ന് പിടിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.