KeralaNews

മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധി കാലത്തേ അതിജീവിക്കാനുള്ള പ്രത്യാശയാണ് ഓണം പകരുന്നത്. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകള്‍ നിറയ്ക്കട്ടെയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഓണക്കാലം വറുതിയില്ലാതെ കടന്നുപോകാന്‍ സര്‍ക്കാര്‍ നിരവധി സഹായപദ്ധതികളാണ് ആവിഷ്‌കരിച്ചത്.

ലോക്ഡൗണ്‍ കാരണം കടുത്ത പ്രതിസന്ധി നേരിട്ട ചെറുകിട മേഖലയ്ക്കായി 5650 കോടി രൂപയുടെ പ്രത്യേക സാമ്പത്തികാശ്വാസ പാക്കേജാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം ഫേസ് ബൂക്കിലൂടെ കുറിച്ചു.ഓണം ഉയര്‍ത്തിപ്പിടിക്കുന്ന സാഹോദര്യത്തിന്റേയും സമത്വത്തിന്റേയും സങ്കല്പങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് തിരുവോണത്തിനായി ഇന്ന് നമുക്ക് ഒരുങ്ങാം.

ഏറ്റവും സന്തോഷത്തോടെ, മഹാമാരിയുടെ കാലത്ത് പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ നമുക്ക് ഓണം ആഘോഷിക്കാം. എല്ലാവര്‍ക്കും സ്‌നേഹപൂര്‍വം ഉത്രാടദിനാശംസകള്‍ നേരുന്നതായും അദ്ദേഹം അറിയിച്ചു.

ഫേസ്ബൂക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

തിരുവോണനാളിനെ വരവേല്‍ക്കാനായി ഉത്രാടം പിറന്നിരിക്കുന്നു. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികളില്‍ പകിട്ടു കുറയാതെ ഓണം ആഘോഷിക്കാന്‍ നമുക്ക് തയ്യാറെടുക്കാം. ഓണക്കാലം വറുതിയില്ലാതെ കടന്നുപോകാന്‍ സര്‍ക്കാര്‍ നിരവധി സഹായപദ്ധതികളാണ് ആവിഷ്‌കരിച്ചത്. ലോക്ഡൗണ്‍ കാരണം കടുത്ത പ്രതിസന്ധി നേരിട്ട ചെറുകിട മേഖലയ്ക്കായി 5650 കോടി രൂപയുടെ പ്രത്യേക സാമ്പത്തികാശ്വാസ പാക്കേജാണ് നടപ്പിലാക്കുന്നത്.

അതോടൊപ്പം ഏകദേശം 90 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഓണം സ്‌പെഷ്യല്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു വരുന്നു. 526 കോടി രൂപയാണ് അതിനായി ചെലവു വന്നത്. ഇതിനു പുറമേ, 48.5 ലക്ഷത്തിലധികം ആളുകള്‍ക്ക് 3100 രൂപ വീതം ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളിലെ ക്ഷേമ പെന്‍ഷനുകള്‍ ഒരുമിച്ച് വിതരണം ചെയ്യുകയുമുണ്ടായി. 1481.87 കോടി രൂപ ഇതിനായി അനുവദിച്ചു. വിവിധ ക്ഷേമനിധിയില്‍ അംഗങ്ങളായുള്ള തൊഴിലാളികള്‍ക്ക് അനുവദിച്ച 1000 രൂപ വീതമുള്ള പ്രത്യേക ധനസാഹയ വിതരണം പുരോഗമിക്കുന്നു. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 60 വയസു കഴിഞ്ഞവര്‍ക്ക് ഓണസമ്മാനമായി 1000 രൂപ നല്‍കാനും തീരുമാനമെടുത്തു. 5.76 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇതിനായി അനുവദിച്ചു.

25 ലക്ഷത്തിലധികം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണവും ഇതോടൊപ്പം നടന്നു. കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാനത്തുടനീളം ഓണച്ചന്തകള്‍ ആരംഭിക്കുകയും ചെയ്തു. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിപണികള്‍ സജീവമാകേണ്ട സഹാചര്യം പരിഗണിച്ച് വ്യവസായ മേഖലക്കുള്ള ഇളവുകളും സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തില്‍ ഓണം ആശങ്കകളില്ലാതെ ആഘോഷിക്കാന്‍ വേണ്ട നിരവധി പദ്ധതികള്‍ നടപ്പിലാക്കുകയുണ്ടായി.

ഓണം ഉയര്‍ത്തിപ്പിടിക്കുന്ന സാഹോദര്യത്തിന്റേയും സമത്വത്തിന്റേയും സങ്കല്പങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് തിരുവോണത്തിനായി ഇന്ന് നമുക്ക് ഒരുങ്ങാം. ഏറ്റവും സന്തോഷത്തോടെ, മഹാമാരിയുടെ കാലത്ത് പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ നമുക്ക് ഓണം ആഘോഷിക്കാം. എല്ലാവര്‍ക്കും സ്‌നേഹപൂര്‍വം ഉത്രാടദിനാശംസകള്‍ നേരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button