KeralaNews

മകൾ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ തുക ഉപയോഗിച്ച്;ആരോപണങ്ങള്‍ കേള്‍ക്കുന്നത് ഉള്ളാലെ ചിരിച്ചുകൊണ്ട്‌:പിണറായി

തിരുവനന്തപുരം ∙ മകൾ ടി.വീണ ബിസിനസ് തുടങ്ങിയത് ഭാര്യ കമലയുടെ പെൻഷൻ തുക ഉപയോഗിച്ചാണെന്ന് മുഖ്യമന്ത്രി. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്ന അടിയന്തരപ്രമേയ ചർച്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മകൾക്ക് എതിരായ ആരോപണങ്ങളിൽ ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

‘‘എനിക്കും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങള്‍ വ്യാജമാണ്. നിങ്ങൾ ആരോപണം ഉയർത്തൂ. ജനങ്ങൾ സ്വീകരിക്കുമോയെന്ന് കാണാം. ഒരു ആരോപണവും എന്നെ ഏശില്ല. കൊട്ടാരം പോലുളള വീട് എന്നൊക്കെ പറഞ്ഞത് ഇപ്പോൾ കേൾക്കുന്നില്ല. മുൻപു ഭാര്യയെ കുറിച്ചായിരുന്നു ആരോപണങ്ങൾ. ഇപ്പോൾ മകൾക്ക് എതിരെയായി. ബിരിയാണി ചെമ്പടക്കം മുൻപു പറഞ്ഞതൊന്നും നമ്മളെ ഏശില്ല’’– മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിന്‍റെ താല്‍പര്യങ്ങളെ കേന്ദ്രവും കേരളത്തിലെ പ്രതിപക്ഷവും ഒരേപോലെ കൈവിട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സാമ്പത്തിക ഉപരോധത്തിന്റെ രൂപത്തിലുളള കേന്ദ്ര നീക്കങ്ങൾ കേരളത്തെ ഞെരുക്കുകയാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മുന്നോട്ടുള്ള കുതിപ്പിന്‍റെ പാതയിലാണ്. ഈ അവസരത്തിലാണ് തിരഞ്ഞെടുപ്പിലൂടെ കടന്നുവരാന്‍ കഴിയാത്ത വർഗീയവത്ക്കരണത്തിന്‍റെ വക്താക്കളെ നാമനിര്‍ദേശത്തിലൂടെ തിരുകി കയറ്റാന്‍ ചാന്‍സലര്‍ സ്ഥാനം വഹിക്കുന്ന ബഹുമാന്യന്‍ തുനിഞ്ഞത്.

ഇതിനെതിരെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും പ്രതിഷേധിച്ചപ്പോള്‍ അതിനോട് ഒരുമിച്ച് ചേരാന്‍ നിങ്ങള്‍ക്ക് എന്താണ് മടി? സ്വന്തമായിട്ടെങ്കിലും പ്രതിഷേധം സംഘടിപ്പിക്കാന്‍ നിങ്ങള്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും അദ്ദേഹം പ്രതിപക്ഷത്തോടു ചോദിച്ചു. 

ഏകീകൃത സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള തിടുക്കത്തിലുള്ള നീക്കങ്ങള്‍ രാജ്യം ഭരിക്കുന്നവരുടെ ജനാധിപത്യവിരുദ്ധ സമീപനത്തിന്‍റെ ഉത്തമ ദൃഷ്ടാന്തമാണ്. പാര്‍ലമെന്‍റില്‍ എത്തുന്ന ഓരോ ഇടതുപക്ഷ പ്രതിനിധിയും സംഘപരിവാറിന്‍റെ ഭരണമോഹങ്ങളെ ഏറ്റവും ഉറച്ച രീതിയില്‍ ചെറുത്തുനില്‍ക്കുന്ന വ്യക്തികളായിരിക്കും. ഇക്കാര്യത്തില്‍ ഈ നാട്ടിലെ ജനാധിപത്യവിശ്വാസികള്‍ക്കും മതനിരപേക്ഷ മൂല്യങ്ങള്‍ വിലമതിക്കുന്നവര്‍ക്കും തൊഴിലെടുക്കുന്ന ജനവിഭാഗങ്ങള്‍ക്കും ഉറച്ചുവിശ്വസിക്കാവുന്നതാണ്.

കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയാണെന്നാണ് ദോഷൈകദൃക്കുകള്‍ പറയുന്നത്. നടപ്പുസാമ്പത്തികവര്‍ഷത്തില്‍ ജിഎസ്ടി ഇന്‍റലിജന്‍റ്സ് വിഭാഗം 2000 കോടിയില്‍പ്പരം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി അത് ഖജനാവിലേക്ക് അടപ്പിച്ചു. സര്‍ക്കാര്‍ എന്തെങ്കിലും ആഘോഷം നടത്തിയാല്‍, അത് ധൂര്‍ത്തെന്ന് മുറവിളി കൂട്ടുന്നത് ചിലര്‍ക്കൊരു ആചാരമായി മാറിയിരിക്കുകയാണ്. ഇവയൊന്നും മുൻപുള്ള സര്‍ക്കാരുകള്‍ ചെയ്തിട്ടില്ലേ?

കേരളീയം 2023 നടത്തിയപ്പോള്‍ അതിനെ ധൂര്‍ത്ത് എന്ന് പറയാന്‍ എങ്ങിനെയാണ് കഴിയുന്നത്. നൊബേല്‍ സമ്മാന ജേതാക്കളും ലോകത്തെ അറിയപ്പെടുന്ന വിദഗ്‌ധരും പങ്കെടുത്ത അര്‍ഥവത്തായ സംവാദങ്ങളും ചര്‍ച്ചകളും ഇതിന്‍റെ ഭാഗമായി നടന്നതും കുപ്രചരണം നടത്തുന്നവര്‍ മറച്ചുവയ്ക്കുകയാണ്.

വിദഗ്ധ‍ർ നല്‍കിയ വിലപ്പെട്ട നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഇതുപോലെ, നിങ്ങള്‍ ധൂര്‍ത്ത് എന്ന് ആക്ഷേപിച്ച മറ്റൊരു പരിപാടിയാണ് നവകേരള സദസ്സ്. മന്ത്രിസഭാംഗങ്ങള്‍ മൊത്തം 140 നിയമസഭാ മണ്ഡലങ്ങളും സന്ദര്‍ശിച്ച് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടികള്‍ സര്‍ക്കാര്‍ ഗൗരവമായി സ്വീകരിച്ചുവരികയാണ്.

നമ്മുടെ രാജ്യം ഇന്ന് ഏകാധിപത്യ വര്‍ഗീയശക്തികളില്‍ നിന്നും നേരിടുന്ന വലിയ ഭീഷണികള്‍ക്കു നേരെ ചെറുത്തുനില്‍പ്പിന്‍റെ വെള്ളി രേഖയായാണ് കേരളം നിലകൊള്ളുന്നത്. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളും പശ്ചാത്തലസൗകര്യ വികസന പദ്ധതികളുമായി മുന്നോട്ടുപോകാന്‍ ഉദ്യമിക്കുന്ന സര്‍ക്കാരിനെ ഏതെല്ലാം വിധത്തില്‍ ധനഞെരുക്കത്തിലാക്കാമെന്ന് കേന്ദ്ര സര്‍ക്കാരും, അതിനെ സര്‍വ്വാത്മനാ പിന്തുണയ്ക്കുന്ന കേരളത്തിലെ പ്രതിപക്ഷവും ചില സ്ഥാപിത താത്പര്യങ്ങളെയാണ് സംരക്ഷിക്കുന്നത്. വെല്ലുവിളികളെ തരണം ചെയ്തുകൊണ്ട് ജനങ്ങളുടെ വലിയ പിന്തുണയോടെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ വിജയകരമായി മുന്നോട്ടുപോകുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker