ഇവർ ഗാന്ധി ശിഷ്യർ തന്നെയാണോ? മഹാത്മാഗാന്ധിയുടെ ചിത്രം താഴെ എത്തിച്ചത് ആരുടെകുബുദ്ധി? കോൺഗ്രസിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ എസ്എഫ്ഐ നടത്തിയ ആക്രമണത്തെ സർക്കാരും പാർട്ടിയും ഗൗരവമായി കണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും തരത്തിൽ ന്യായീകരിക്കാൻ ആരും ശ്രമിച്ചില്ല. എസ്എഫ്ഐ നടത്തിയ ആ മാർച്ചിനെ സിപിഎം ജില്ലാ നേതൃത്വം മുതൽ ദേശീയ കമ്മിറ്റി വരെ അപലപിച്ചു. സർക്കാർ കർക്കശമായ നിയമനടപടികളിലേക്ക് കടന്നു. ഉത്തരവാദികളെ അറസ്‌റ്റു ചെയ‌്തു. പെൺകുട്ടികളെയടക്കം അറസ്‌റ്റ് ചെയ‌്തു. ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ‌്തു. കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുന്നതിന് എഡിജിപിയെ ചുമതലപ്പെടുത്തി. ഇത്രയൊക്കെ ചെയ‌്തത് എൽഡിഎഫിന്റെ സംസ്‌കാരം കോൺഗ്രസുമായി വ്യത്യസ്‌തമായതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തെറ്റായ ഒരു സംഭവത്തെ ആരു ചെയ‌്തു എന്നു നോക്കിയല്ല നിലപാടെടുത്തത്. എന്നാൽ, നടന്നത് ആശ്വാസമായി എന്ന മട്ടിൽ ഒരുപാട് സംഭവങ്ങൾ നടത്താനുള്ള ആസൂത്രിതമായ ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. സാധാരണ ഉണ്ടാകുന്ന പ്രതികരണങ്ങളാണോ ഉണ്ടായത്. വലിയ തോതിലുള്ള ആക്രമണ ശ്രമങ്ങൾ നടന്നു. പ്രതിപക്ഷ നേതാവിനോട് ചോദ്യങ്ങൾ ചോദിച്ചപ്പോൾ പത്രപ്രവർത്തകനെ ഇറക്കി വിടും എന്നു പറയുന്നത് ഇവിടെ ആദ്യമായി നടന്ന കാര്യമാണ്. ക്ഷണിച്ചുവരുത്തിയതല്ലേ? മിണ്ടാതിരിക്കണം ഇല്ലെങ്കിൽ ഇറക്കിവിടും എന്നാണോ പറയേണ്ടത്. ഒരു പത്ര സമ്മേളനമല്ലേ? എന്നോടും നിങ്ങൾ ചോദിക്കാറില്ലേ? എനിക്കിഷ്‌ടപ്പെട്ട ചോദ്യങ്ങളാണോ നിങ്ങൾ ചോദിക്കാറുള്ളത്? ഞാൻ അത്തരത്തിൽ പ്രതികരിക്കാറുണ്ടോ? മുഖ്യമന്ത്രി ചോദിച്ചു.
രാഷ്‌ട്രീയ പാപ്പരത്തമാണ് കോൺഗ്രസിന്. കേന്ദ്ര സർക്കാരിനെ തൃപ്‌തിപ്പെടുത്താനാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതെന്നാണ് കേരളത്തിലെ കോൺഗ്രസുകാർ പറയുന്നത്. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്ന കേന്ദ്ര ഏജൻസികളുടെ നിലപാടിനെ തള്ളിപ്പറഞ്ഞവരാണ് സിപിഎമ്മും എൽഡിഎഫും. വാളയാറിന് അപ്പുറം ഒരു നിലപാടും ഇപ്പുറം മറ്റൊരു നിലപാടും എന്ന നില സിപിഎമ്മിനില്ല. കേരളത്തിലെ കോൺഗ്രസുകാർ ആ നിലപാടുള്ളവരാണ്.
ഇടുക്കി എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജ് കൊല്ലപ്പട്ടപ്പോൾ കോൺഗ്രസ് നേതൃത്വം എന്താണ് പറഞ്ഞത്, ഇരന്നു വാങ്ങിയതെന്ന്. ഇതാണ് അവരുടെ സംസ്‌കാരം. വിമാനത്തിലെ സംഭവം ഉണ്ടാപ്പോൾ പറഞ്ഞത് ഞങ്ങളുടെ കുട്ടികൾ പ്രതികരിക്കുമെന്നാണ്. ഇങ്ങനെയാണെങ്കിൽ പ്രശ്‌നങ്ങൾ കൂടുതൽ ഉണ്ടാവുകയല്ലേയുള്ളൂ.
ചുവരിലുള്ള മഹാതാമാഗാന്ധിയുടെചിത്രം താഴെ എത്തിച്ചത് ആരുടെ കുബുദ്ധിയാണ്? ഇവർ ഗാന്ധി ശിഷ്യർ തന്നെയാണോ? എങ്ങനെ തോന്നി തകർക്കാൻ. ഗോഡ്‌സെ ചെയ‌്തത് പ്രതീകാത്മകമായി കോൺഗ്രസുകാർ ചെയ‌്തുവെന്നും മുഖ്യമന്ത്രി പരിഹസിച്ചു. കേരളത്തെ കലാപഭൂമിയാക്കാമെന്നാണ് ദുർമോഹമെങ്കിൽ അത് ഒരിക്കലും നടക്കാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.