ന്യൂഡല്‍ഹി: കേരളത്തില്‍ എയിംസ് വേണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി അനുകൂലമായി പ്രതികരിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് എയിംസ് വേണമെന്ന കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയെന്നും ഇക്കാര്യത്തില്‍ അദ്ദേഹം അനുകൂല നിലപാട് സ്വീകരിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
”കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ എയിംസ് ഉടനെ അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അനുകൂലമായ പ്രതികരണമാണ് പ്രധാനമന്ത്രിയില്‍ നിന്ന് ഉണ്ടായത്. കേരളത്തില്‍ പ്രായാധിക്യമുള്ളവര്‍ അധികമായതും പകര്‍ച്ച വ്യാധികള്‍ പലഘട്ടങ്ങളിലായി വ്യാപിക്കുന്ന അവസ്ഥയും ആരോഗ്യമേഖലയുടെ കൂടുതല്‍ ശാക്തീകരണം ആവശ്യപ്പെടുന്ന ഒന്നാണ്. കേരളത്തിലെ ആരോഗ്യമേഖലയുടെ കരുത്തിനെക്കുറിച്ച് അദ്ദേഹം തന്നെ പ്രത്യേകം എടുത്തുപറഞ്ഞു. അത്തരത്തിലുള്ള ശാക്തീകരണത്തിന് എയിംസ് കൂടി അനിവാര്യമാണെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു.”- മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കായഴ്ച സൗഹാര്‍ദപരമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.