കെ.പി.സി.സി പ്രസിഡന്റ് കേരളത്തെ അപമാനിക്കുന്നു; ലിനിയുടെ കുടുംബത്തെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: നിപ എന്ന മാരക രോഗത്തിനെതിരെ പടപൊരുതി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച പേരാമ്പ്ര സ്വദേശി ലിനിയുടെ കുടുംബത്തെ വേട്ടയാടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.പി.സി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില ലിനിയുടെ ഭര്‍ത്താവ് സജീഷിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തിയിരിന്നു. സജീഷ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയാണ് പ്രതിഷേധിച്ചത്.
ലിനിയുടെ കുടുംബത്തെ വേട്ടയാടാന്‍ അനുവദിക്കില്ല. ആരോഗ്യ മന്ത്രി കെ. കെ ശൈലജക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ നിപ രാജകുമാരി, കൊവിഡ് റാണി എന്നീ പ്രയോഗത്തെയും പിണറായി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെയാകരുതെന്നുള്ള ഉദാഹരണമാണ് മുല്ലപ്പളളി ഇന്ന് കാണിച്ച്. തികച്ചും സ്ത്രീവിരുദ്ധ പരാമര്‍ശമാണ് കെ.പി.സി.സി അധ്യക്ഷന്‍ നടത്തിയത്. കെ.പി.സി.സി പ്രസിഡന്റ് കേരളത്തെ അപമാനിക്കുകയാണ്. കേരളത്തെ കുറിച്ച് നല്ലത് കേള്‍ക്കുന്നതിനെ കുറിച്ചുള്ള അമര്‍ഷമാണ് മുല്ലപ്പള്ളി നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുല്ലപ്പള്ളിയുടെ പ്രസ്താവനയ്‌ക്കെതിരേ സജീഷ് നേരത്തേ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിന്നു. എംപിയായിരുന്ന മുല്ലപ്പള്ളി ഗസ്റ്റ് റോളില്‍ പോലും ഉണ്ടായിരുന്നില്ല എന്നും ഫോണ്‍ വിളിക്കാന്‍ പോലും തയ്യാറായില്ലെന്നും ലിനിയുടെ ഭര്‍ത്താവ് സജീഷ് ഫേസ്ബുക്കില്‍ കുറിച്ചിരിന്നു. അതേസമയം ഒപ്പമുണ്ടെന്ന് ആരോഗ്യമന്ത്രി വെറും വാക്ക് പറയുകയായിരുന്നില്ല കുടുംബാംഗത്തെ പോലെ വീട്ടിലെത്തി ആശ്വസിപ്പിച്ചെന്നും സജീഷ് പറഞ്ഞിരിന്നു.