FeaturedHome-bannerKeralaNewsPolitics

പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയായിടും, ഇ.പി. ജയരാജന് ജാഗ്രതയില്ല’;കുറ്റപ്പെടുത്തി പിണറായി വിജയൻ

കണ്ണൂര്‍: ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനും കൂടിക്കാഴ്ച നടത്തിയതില്‍ രൂക്ഷമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ.പി. ജയരാജന്റെ ജാഗ്രതക്കുറവിനെക്കുറിച്ച് പറഞ്ഞ മുഖ്യമന്ത്രി പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ന് ആരെ വഞ്ചിക്കണമെന്ന് ആലോചിച്ച് ഉറക്കമുണരുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ള ആളുകളുമായുള്ള കൂട്ടുകെട്ട് സാധാരണഗതിയില്‍ ഉപേക്ഷിക്കേണ്ടതാണ്. സഖാവ് ജയരാജന്‍ ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത കാണിക്കാറില്ല എന്നത് നേരത്തേ തന്നെ ഉള്ള അനുഭവമാണ്. അതിന്റെ ഭാഗമായി കേരളത്തില്‍ ഏറ്റവുമധികം സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന വ്യക്തിക്ക് ഇതിന്റെ സാക്ഷിയായി വരാന്‍ കഴിഞ്ഞുവെന്നത് നാം കാണേണ്ടതുണ്ട്.’ -പിണറായി വിജയന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയങ്ങളിൽ തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടാറുണ്ട്. അതിന്റെ ഭാഗമായേ ജനങ്ങൾ ഇതിനെ കാണുകയുള്ളൂ. സഖാവ് ഇപി ജയരാജൻ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും. ഇവിടെ എൽഡിഎഫ് കൺവീനറുമാണ്. പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം വലിയ പരീക്ഷണങ്ങളിലൂടെ കടന്നുവന്നതാണ്. അത് ഏത് കമ്യൂണിസ്റ്റുകാരനും ആവേശമുണര്‍ത്തുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുണ്ടായിട്ടുള്ളത്. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ സിപിഎമ്മിനെതിരെയും എൽഡിഎഫിനെതിരെയും ഉന്നയിച്ചുള്ളതാണ്. അത്തരം ആരോപണത്തിൽ യാതൊരു കഴമ്പുമില്ലെന്ന് ജനങ്ങൾ മനസിലാക്കും.

ജാവദേക്കറെ കാണുന്നതിൽ എന്താണ് തെറ്റ്? ഞാൻ പല തവണ അദ്ദേഹത്തെ കണ്ടിരുന്നു. അടുത്തിടെ കണ്ടപ്പോൾ, നിങ്ങൾ പരമാവധി ശ്രമിക്കുകയാണല്ലേ, നമുക്ക് കാണാം എന്ന് ഞാൻ പറഞ്ഞു. നിങ്ങൾക്ക് ഒന്നും കിട്ടില്ല എന്ന് തന്നെയായിരുന്നു എന്റെ മനസിൽ. ആ നിലയ്ക്ക് കാര്യങ്ങൾ പറയുമല്ലോ. അത്തരത്തിൽ ആളുകളെ കാണുന്നത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. എനിക്കെതിരെ ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുന്ന ഒരു വൃത്തം ചുറ്റുമുണ്ട്. അവര്‍ക്ക് ഫണ്ടിങ്ങുണ്ട്. ഒരു കൂട്ടം മാധ്യമ പിന്തുണയുണ്ട്. അവരൊക്കെ ശ്രമിച്ചിട്ട് എന്ത് സംഭവിച്ചു. ഞാൻ ഇല്ലാതായിപ്പോയോ? അവര്‍ ഉദ്ദേശിച്ചതുപോലെ ഞാൻ ആത്യന്തികമായി തകര്‍ന്നുപോയോ? എന്നും മുഖ്യമന്ത്രി ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker