FeaturedKeralaNews

കള്ളക്കളിയിലൂടെ ബി.ജെ.പിയെ ജയിപ്പിക്കാമെന്ന കരാര്‍ ലീഗും കോണ്‍ഗ്രസും ഏറ്റെടുത്തിരിക്കുന്നു; മുഖ്യമന്ത്രി

കണ്ണൂര്‍: കള്ളക്കളിയിലൂടെ ബിജെപിയെ ജയിപ്പിക്കാമെന്ന കരാര്‍ ലീഗും കോണ്‍ഗ്രസും യുഡിഎഫും ഏറ്റെടുത്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയ കോലീബി സഖ്യത്തിന്റെ വിശാലമായ രൂപമാണിത്. നേരത്തെ ചില മണ്ഡലങ്ങളില്‍ ഒതുങ്ങിനിന്നിരുന്നത് ഇപ്പോള്‍ വലിയ തോതില്‍ വ്യാപിക്കുകയാണ്. ഇത് തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കുന്ന ധാരണ എന്നതിലുപരി കേരളം ഇപ്പോള്‍ ആര്‍ജിച്ചിരിക്കുന്ന നേട്ടങ്ങള്‍ അട്ടിമറിക്കുക എന്ന ഉദ്ദേശത്തോടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

യുഡിഎഫും ബിജെപിയും പരസ്പര ധാരണയിലാണ് ഇതേവരെ കാര്യങ്ങള്‍ നീക്കിയതെന്ന് ഇപ്പോഴത്തെ സംഭവഗതികള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. കേരളത്തില്‍ ഇത്തരമൊരു ധാരണ വേണമെന്നും ഒരു തരത്തിലുള്ള അസ്വാരസ്യം തമ്മിലുണ്ടാകരുതെന്നും നേരത്തെ തന്നെ രണ്ട് നേതൃത്വങ്ങളും തീരുമാനിച്ചിട്ടുണ്ടെന്ന് വേണം അനുമാനിക്കാന്‍. അതിന്റെ ഒരു ഉദാഹരണം പൗരത്വ നിയമഭേദഗതിക്കെതിരെ യോജിച്ച് പ്രക്ഷോഭം നടത്താമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കോണ്‍ഗ്രസും യുഡിഎഫും തള്ളിയത് തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒ. രാജഗോപാല്‍ പറഞ്ഞത് പ്രാദേശികമായി നീക്കുപോക്കുകള്‍ ഉണ്ടാക്കുന്നത് ഇനിയും വേണമെന്നതാണ്. ഇതിന്റെ ഭാഗമായി ബിജെപിക്കാണ് ഗുണമുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞതവണ നേമം വിജയിച്ചുവരാന്‍ ബിജെപിക്ക് സാധിച്ചു. ബിജെപിക്ക് അതിന് വിഷമമുണ്ടായില്ല. തൊട്ടപ്പുറത്തെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ വോട്ട് നല്‍കിയാല്‍ മതിയായിരുന്നു. ആദ്യമായി അക്കൗണ്ട് നിയമസഭയില്‍ തുറക്കാന്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സഹായത്തോടെ ബിജെപിക്ക് കഴിയുക എന്നത്, രാജഗോപാല്‍ പറഞ്ഞതുപോലെ ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കിയ കാര്യമാണ്.

ഇപ്പോഴത്തെ കാര്യമെടുത്താല്‍ എല്ലാവര്‍ക്കും മനസിലാകും. കെഎന്‍എ ഖാദര്‍ എന്ന മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി ജയിച്ചുവരണം എന്ന് ബിജെപി ആശീര്‍വാദത്തോടെ പരസ്യമായി സംസാരിക്കുന്നു. ഇത് ലീഗിന്റെ ഗുണത്തിനോ യുഡിഎഫിന്റെ ഗുണത്തിനോ വേണ്ടിയാണെന്ന് കാണേണ്ട. ലീഗിന് നല്ല സ്വാധീനമുള്ള മണ്ഡലത്തില്‍ കച്ചവടം ഉറപ്പിച്ചുകഴിഞ്ഞു എന്നതാണ് ഇത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker