തിരുവനന്തപുരം: വിളക്ക് കൊളുത്തുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്ന അവതാരകയുടെ ആവശ്യത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള റീയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ഉദ്ഘാടന ചടങ്ങിലായിരുന്നു സംഭവം. വിളക്ക് കൊളുത്തുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് ആവശ്യപ്പെട്ട അവതാരകയോട് അനാവശ്യ അനൗണ്‍മെന്റൊന്നും വേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി എഴുന്നേല്‍ക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്.
പരിപാടിയുടെ ഉദ്ഘാടനം വിളക്ക് കൊളുത്തി നിര്‍വ്വഹിക്കാന്‍ ക്ഷണിച്ച കൂട്ടത്തിലാണ് എല്ലാവരും ഒരു മിനിറ്റ് എഴുന്നേറ്റ് നില്‍ക്കണമെന്ന് അവതാരക പറഞ്ഞത്. ഇത് തിരുത്തിയ മുഖ്യമന്ത്രി ആരും എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് ആവശ്യപ്പെട്ട ശേഷമാണ് വിളക്ക് കൊളുത്തിയത്. നിലവിളക്ക് മതചിഹ്നമായി കരുതേണ്ടതില്ലെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ നേരത്തേയും ഉയര്‍ന്നു വന്നതായിരുന്നു. നിലവിളിക്ക് കൊളുത്തുന്നത് ഒരു മതാചാരം ആണെന്നും അത് ചെയ്യാന്‍ മറ്റുള്ളവരെ നിര്‍ബ്ബന്ധിക്കരുതെന്നുമുള്ള വാദഗതികള്‍ നേരത്തേയും ഉയര്‍ന്നു വന്നിരുന്നു. അതേസമയം പരിപാടിയില്‍ നിലവിളക്ക് കൊളുത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ള കാര്യമല്ല.