തിരുവനന്തപുരം: ഡിപ്ലോമാറ്റിക് കാര്‍ഗോ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. സ്വര്‍ണക്കടത്ത് കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.എന്ത് അസംബന്ധവും പറയാവുന്ന നാവ് ഉണ്ടെന്നുവച്ച് എന്തും വിളിച്ചു പറയരുത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്താന്‍ സുരേന്ദ്രന് ശ്രമിക്കരുത്. കേസ് കസ്റ്റംസാണ് അന്വേഷിക്കുന്നതെന്ന് സുരേന്ദ്രനും അറിയാം.
ആരും രക്ഷപെടില്ലെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രതികളെ പിടികൂടും. എന്തെങ്കിലും ഉണ്ടായാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ പെടുത്താന്‍ പറ്റുമോ എന്നാണ് ചിലര്‍ ആലോചിക്കുന്നത്. തെറ്റുകാരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസ്. കുറ്റക്കാരെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരികയാണ് പ്രധാനമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആവശ്യമായ ജാഗ്രതയോടെ അന്വേഷണം മുന്നോട് പോകുകയാണ്.
ഇതില്‍ സംസ്ഥാന സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അന്വേഷണ ഏജന്‍സിക്ക് പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ഡിപ്ലോമാറ്റിക് കാര്‍ഗോ സ്വര്‍ണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് അടുത്ത ബന്ധമുണ്ടെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ആരോപണം. സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രക ഐടി വകുപ്പിലെ ജീവനക്കാരിയായ സ്വപ്നയെ കേസില്‍നിന്നു രക്ഷിക്കാന്‍ ശ്രമം നടത്തി.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിനെ വിളിച്ചുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഐടി സെക്രട്ടറിയുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോകമായി മാറി. സ്വപ്നയെക്കുറിച്ച് പോലീസ് ഇന്റലിജന്‍സ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും സുരേന്ദ്രന് വ്യക്തമാക്കിയിരുന്നു.