കണ്ണൂർ: പിണറായിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വെണ്ടുട്ടായി കനാൽകര സ്വദേശി വിപിൻരാജാണ് പിടിയിലായത്. ഇയാൾ സി.പി.എം അനുഭാവിയാണെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ചയാണ് വിപിൻരാജിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തത്.
ഒന്നിലധികം പേർക്ക് ഈ ആക്രമണത്തിൽ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ആദർശ് എന്നയാൾക്കും ആക്രമണത്തിൽ പങ്കുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. ഇവർക്കായുള്ള തിരച്ചിൽ നടത്തിവരികയാണ്.
ശനിയാഴ്ച പുലർച്ചെയാണ് വെണ്ടുട്ടായിയിൽ പുതുതായി നിർമിച്ച കോൺഗ്രസ് ഓഫീസ് ആക്രമിക്കപ്പെട്ടത്. സിസിടിവി ക്യാമറകൾ അടിച്ചു തകർത്ത നിലയിലായിരുന്നു. വാതിൽ തീ വെച്ച് നശിപ്പിക്കാനും ശ്രമമുണ്ടായി. ജനൽ ചില്ലുകളും തകർത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കെട്ടിയ തോരണങ്ങൾ വലിച്ചിട്ട നിലയിലായിരുന്നു. കെട്ടിടം ഞായറാഴ്ച വൈകീട്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യാനിരിക്കേയായിരുന്നു ആക്രമണം നടന്നത്. ഉദ്ഘാടനത്തിനായെത്തിച്ച വാടക സാമഗ്രികൾ കനാലിൽ തള്ളുകയും ചെയ്യുകയായിരുന്നു.
അതേസമയം ഓഫീസിന് അറ്റകുറ്റപ്പണികളൊന്നും നടത്താതെയാണ് ഞായറാഴ്ച ഉദ്ഘാടനം ചെയ്തത്. ഓഫീസ് അക്രമിച്ചവർക്ക് ആദ്യമായി പരിപാടിയിലേക്ക് സ്വാഗതം പറഞ്ഞുകൊണ്ടാണ് ബൂത്ത് പ്രസിഡൻറ് സി.വി.ബാലകൃഷ്ണൻ ഉദ്ഘാടന പരിപാടിക്ക് തുടക്കം കുറിച്ചത്. നൂറുകണക്കിന് പ്രവർത്തകരെ അണിനിരത്തിയ പ്രതിഷേധപ്രകടനം കനാൽക്കരയിൽനിന്ന് തുടങ്ങി അറത്തിൽ ഭഗവതിക്ഷേത്രം വഴി ഓഫീസ് പരിസരത്ത് സമാപിച്ചു. തുടർന്നാണ് ഓഫീസിന്‍റെ തകർത്ത കെട്ടിടത്തിനുമുന്നിൽ ഉദ്ഘാടന സമ്മേളനം നടന്നത്.
‘കോണ്‍ഗ്രസ് ഓഫിസുകള്‍ പൊളിച്ചാല്‍ തിരിച്ചും അതുപോലെ ചെയ്യാന്‍ അറിയാം’ എന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍റെ പ്രതികരണം. ‘സിപിഎമ്മിന്റെ ഓഫിസ് ഒരു രാത്രി കൊണ്ട് പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ പത്ത് പിള്ളേരുമതി. സിപിഎം ഓഫിസ് തിരിച്ചുപൊളിക്കണോ’ എന്ന് അണികളോട് സുധാകരന്‍ ചോദിച്ചു. പിണറായിയില്‍ തകര്‍ക്കപ്പെട്ട കോണ്‍ഗ്രസ് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സുധാകരന്‍റെ പ്രതികരണം.