FeaturedKeralaNews

അമിത് ഷാ വർഗീയതയുടെ ആൾ രൂപം, വിരട്ടലൊന്നും ഇവിടെ നടക്കില്ല, ആഞ്ഞടിച്ച് പിണറായി

കണ്ണൂർ‌: കേന്ദ്രമന്ത്രി അമിത് ഷായുടെ ആരോപണങ്ങൾക്ക് ശക്തമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വന്ന് നീതിബോധം പഠിപ്പിക്കാൻ അമിത് ഷാ നിൽക്കേണ്ട. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചല്ല സംസാരവും പ്രവർത്തിയും എങ്കിൽ തങ്ങൾക്കും പറയേണ്ടി വരും. നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ കേരളത്തിൽ വന്ന് നടത്തിയത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

മതസൗഹാർദത്തിന് കേളി കേട്ട നാട്ടിൽ വന്നാണ് അമിത് ഷാ ഉറഞ്ഞു തുള്ളുന്നത്. ഇവിടെയാകെ അഴിമതി ആണെന്ന് പറയുന്നു. സ്ഥാനത്തുള്ളവർ സംസാരിക്കേണ്ട തരത്തിലല്ല അമിത് ഷാ സംസാരിക്കുന്നത്. മുസ്ളിം എന്ന വാക്ക് ഉച്ചരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ സ്വരം കനക്കുന്നു. വർഗ്ഗീയതയുടെ ആൾരൂപമാണ് അമിത് ഷാ എന്ന് രാജ്യത്തുള്ളവർക്ക് അറിയാത്തതല്ല. 2002ൽ ഗുജറാത്തിൽ നടന്നത് വർഗ്ഗീയ കലാപം അല്ല വംശഹത്യയാണ്. 2002 കാലത്തെ സ്വഭാവത്തിൽ നിന്നും അമിത് ഷാ മാറിയിട്ടില്ല എന്നാണ് ഇന്നലത്തെ പ്രസംഗത്തിൽ മനസ്സിലായത്.

തട്ടിക്കൊണ്ടു പോകലിന് ജയിലിൽ കിടന്നത് ആരാണെന്ന് അമിത് ഷാ സ്വയം ആലോചിക്കണം. സംശയാസ്പദമരണം ഏതെന്ന് അമിത് ഷാതന്നെ പറയട്ടെ.പറഞ്ഞാൽ അന്വേഷിക്കും. പക്ഷേ പുകമറ സൃഷ്ടിക്കാൻ നോക്കരുത്. അക്രമങ്ങളുണ്ടാകുമ്പോൾ സംരക്ഷിക്കപ്പെടേണ്ടവർ എന്ന വിഭാഗം കേരളത്തിലില്ല. 2010 ലെ സൊറാബുദ്ധീൻ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടൽ നേരെ വെടിവയ്ക്കലായിരുന്നു. ആ കേസിൽ ചാർജ് ചെയ്യപ്പെട്ട ആളുടെ പേര് അമിത് ഷാ എന്നാണ്. അത് ഓർമ്മയുണ്ടാകണം. ആ കേസ് പരിഗണിക്കേണ്ട ജഡ്ജി 2014ൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. അതിനെക്കുറിച്ച് എന്താണ് മിണ്ടാട്ടം ഇല്ലാത്തത്.

ഒറ്റവർഷം കൊണ്ട് 16000 ഇരട്ടി വരുമാനമാനം ഉണ്ടാക്കി അഛാദിൻ കൊണ്ടുവന്നത് ഓർമ്മയില്ലേ. അതല്ല പിണറായി വിജയൻ എന്ന് ഈ നാടിന് അറിയാം.ആടിനെ പ്ലാവില കാട്ടികൊണ്ടു പോകും പോലെയാണ് ബിജെപി കോൺഗ്രസിനെ കൊണ്ടു പോകുന്നത്. സ്വർണ്ണക്കടത്തിൽ ചില ചോദ്യങ്ങൾ ബിജെപിയോടുണ്ട്. കടത്ത് തടയാൻ കസ്റ്റംസ് എന്ത് ചെയ്തു. തിരുവനന്തപുരം എയർപോർട്ട് കേന്ദ്രത്തിന് കീഴിലല്ലേ. ഇത് സ്വർണ്ണക്കടത്തിൻ്റെ ഹബ് ആയത് എങ്ങനെയെന്ന് അമിത് ഷാ മറുപടി പറയണം. കടത്ത് നിയന്ത്രിക്കുന്നതിന് നേതൃപരമായ പങ്ക് ഒരു കേന്ദ്ര സഹമന്ത്രിക്ക് പങ്കുള്ളത് അമിത് ഷായ്ക്ക് അറിയാഞ്ഞിട്ടാണോ. നാടിന് അതറിയാം.

അമിത് ഷായ്ക്കും കുട്ടർക്കും വേണ്ടപ്പെട്ടവരിലേക്ക് എത്തിയപ്പോഴല്ലേ അന്വേഷണം തെറ്റായ നിലയിലേക്ക് പോയത്. മന്ത്രി പോലും പെട്ടേക്കാം എന്ന് വന്നപ്പോഴല്ലേ അന്വേഷണം തന്നെ ആവിയായത്. സ്വർണം എത്തിച്ചയാളെ 8 മാസമായി ചോദ്യം ചെയ്തോ. എന്താണ് താത്പര്യക്കുറവിന് കാരണം. കേരളത്തിൽ സ്വർണം വാങ്ങിയവരിലേക്ക് അന്വേഷണം എത്താത്തത് എന്തുകൊണ്ടാണ്. അവർക്ക് സംഘ പരിവാർ ബന്ധം ഉള്ളത് കൊണ്ടല്ലേ ഇത്. പ്രതിയെ മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചു എന്ന ശബ്ദരേഖ വന്നത് അമിത് ഷായ്ക്ക് ഓർമ്മയില്ലേ. പ്രതി തൻ്റെ ശബ്ദം തന്നെയെന്ന് വ്യക്തമാക്കിയില്ലേ. അന്വേഷണം സംസ്ഥാനത്തിൻ്റെ നേർക്ക് അഴിച്ച് വിട്ട് കോൺഗ്രസിനെ കൂട്ടുപിടിക്കുന്നു. അന്വേഷണ ഏജൻസി നേരും നെറിയോടെയും പെരുമാറണം.വിരട്ടലൊന്നും നടക്കില്ല ഇത് കേരളമാണ്. തങ്ങളുടെ വഴി തടയാൻ ഒരു ശക്തിക്കും ആകില്ല. ജനം ഒപ്പമുണ്ട്. രാഷ്ട്രീയ പോരാട്ടത്തിൽ നേരും നെറിയും വിട്ട് പ്രവർത്തിക്കുന്നവരാണ് തങ്ങളുടെ എതിരാളികൾ. അതുകൊണ്ടൊന്നും തങ്ങൾ വിറങ്ങലിച്ച് പോകില്ല എന്നും മുഖ്യമന്ത്രി കണ്ണൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോ​ഗത്തിൽ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button