പൈലറ്റ് പാസ്പോര്‍ട്ട് മറന്നു: അമേരിക്കയിൽ നിന്നും ചൈനയിലേക്കുള്ള വിമാനം പാതി വഴിയിൽ തിരിച്ച് പറന്നു

ലോസ് ആഞ്ജലസ്: മനുഷ്യസഹജമായ ഒന്നാണ് മറവി. വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം അത്യാവശ്യമുള്ള ഒന്ന് മറന്ന് പോവുകയാണെങ്കില്‍ എന്ത് ചെയ്യും? തിരികെ വീട്ടിലേക്ക് തന്നെ പോവുക എന്നത് മാത്രമാണ് ഏക പ്രതിവിധി. അത്തരമൊരു അനുഭവം യുണൈറ്റഡ് എയർലൈന്‍സിന്‍റെ പൈലറ്റുമാരിലൊരാൾക്ക് സംഭവിച്ചു.
അദ്ദേഹം അത്യാവശ്യമായ ഒന്ന് മറന്ന് വച്ചെന്ന് ഓർത്തെടുത്തത് പക്ഷേ, 257 യാത്രക്കാരും 13 ജീവനക്കാരുമായി വിമാനം ആകാശത്തേക്ക് പറന്നുയര്‍ന്ന ശേഷമായിരുന്നു. പൈലറ്റ് മറന്ന് വച്ചതാകട്ടെ അദ്ദേഹത്തിന്‍റെ സ്വന്തം പാസ്പോര്‍ട്ടും. സംഭവം നടന്നത് അങ്ങ് അമേരിക്കയിലെ ലോസ് ആഞ്ജലീസിലും. പിന്നെ വിമാനത്തിന് യൂ ടേണ്‍ അടിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.
ലോസ് ആഞ്ജലീസില്‍ നിന്നും ചൈനയിലെ ഷാങ്ഹായിലേക്ക് സർവ്വീസ് നടത്തുന്ന യുണൈറ്റഡ് ഏയർലൈന്‍റെ പൈലറ്റുമാരിലൊരാളാണ് തന്‍റെ പാസ്പോർട്ട് എയർപോര്‍ട്ടില്‍ മറന്ന് വച്ചത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിമാനം ഷാങ്ഹായി ലക്ഷ്യമാക്കി ലോസ് ആഞ്ജലീസില്‍ നിന്നും പറന്നുയര്‍ന്ന് ഏതാണ്ട് ഒരു മണിക്കൂറിന് ശേഷമാണ് പൈലറ്റിന്‍റെ പാസ്പോര്‍ട്ട് കൈയിലില്ലെന്ന് വ്യക്തമാകുന്നത്.
ഈ സമയം വിമാനം പസഫിക് കടലിന് മുകളിലൂടെ പറക്കുകയായിരുന്നു. വിമാനം തിരിച്ചിറക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളുണ്ടായിരുന്നില്ല. തുടര്‍ന്ന് വിമാനം സാന്‍ഫ്രാന്‍സിസ്കോയിൽ ഇറക്കി.
പാസ്പോര്‍ട്ടില്ലാതെ പൈലറ്റിന് യാത്ര ചെയ്യാന്‍ കഴിയാത്തതിലനാല്‍ രാത്രി ഒമ്പത് മണിയോടെ പുതിയ ക്രുവുമായി വിമാനം ഷാങ്ഹായിലേക്ക് പറക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വിമാനം ഏതാണ്ട് ആറ് മണിക്കൂറോളം വൈകിയാണ് ഷാങ്ഹായില്‍ ലാന്‍റ് ചെയ്തതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഭക്ഷണ വൌച്ചറുകളും നഷ്ടപരിഹാരവും നല്‍കിയെന്നും വിമാനക്കമ്പനി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് തന്നെ വഴി തെളിച്ചു. പൈലറ്റിന്‍റെ പിഴവ് കൊണ്ട് യാത്രക്കാര്‍ക്കുണ്ടായ ആറ് മണിക്കൂർ നഷ്ടം നികത്താന്‍ ഭക്ഷണ കൂപ്പണ്‍. മറിച്ച് യാത്രക്കാരില്‍ നിന്ന് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ പിന്നെ അയാൾക്ക് യാത്ര തന്നെ നിഷേധിക്കുമെന്നായിരുന്നു ഒരാൾ കുറിച്ചത്.