KeralaNews

എം.ജിയിൽ നിന്ന് ഗവേഷകർക്ക് സന്തോഷവാർത്ത; പിഎച്ച്.ഡി,എം.ഫിൽ വൈവ ഓൺലൈനിൽ

കോട്ടയം:കോവിഡ് 19 വ്യാപനത്തെത്തുടർന്ന് പ്രതിസന്ധിയിലായ ഗവേഷകർക്ക് ഓപ്പൺ ഡിഫൻസിനും പബ്ലിക് വൈവയ്ക്കും ഓൺലൈൻ സൗകര്യമൊരുക്കി മഹാത്മാഗാന്ധി സർവകലാശാല. ഇതാദ്യമായാണ് പിഎച്ച്.ഡി. വൈവയും ഓപ്പൺ ഡിഫൻസും വീഡിയോ കോൺഫറൻസിങ്-ഇലക്‌ട്രോണിക് മാധ്യമം മുഖേന നടക്കുന്നത്. പിഎച്ച്.ഡി., എം.ഫിൽ വൈവ പരീക്ഷകൾ ഓൺലൈൻ വീഡിയോ കോൺഫറൻസ്-ഇലക്‌ട്രോണിക് മാധ്യമം വഴി നടത്തുന്നതിന് അനുമതി നൽകി ഉത്തരവായതായി വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു.

മാർഗനിർദേശിയായ അധ്യാപകൻ പഠനവകുപ്പ് തലവനുമായി അലോചിച്ച് വീഡിയോ കോൺഫറൻസിനുള്ള ഓൺലൈൻ സംവിധാനം ഒരുക്കണം. സർവകലാശാല പഠനവകുപ്പുകളിലെ സ്മാർട് ക്ലാസ് റൂമുകൾ ഇതിനായി ഉപയോഗിക്കാം. സർവകലാശാലയിലെ ഓഡിയോ-വീഡിയോ കോൺഫറൻസ് സാങ്കേതിക വിഭാഗത്തിന്റെ സഹായത്തോടെയാണ് കോൺഫറൻസിങ് നടത്തേണ്ടത്.

ഇതിന്റെ മുഴുവൻ വീഡിയോയും റെക്കോഡ് ചെയ്ത് സോഫ്റ്റ് കോപ്പി പരീക്ഷ കൺട്രോളർക്ക് നൽകണം. ഓൺലൈൻ ഓപ്പൺ ഡിഫൻസിന് 2500 രൂപയാണ് ഫീസ്. വിദ്യാർഥിയും മാർഗദർശിയായ അധ്യാപകനും ക്ലാസ് റൂമിൽ നേരിട്ട് ഹാജരായിരിക്കണം. ചെയർമാനും ഡീനിനും ഓൺലൈനായോ നേരിട്ടോ പങ്കെടുക്കാം. 25 പേർ ഓൺലൈനായി ഓപ്പൺ ഡിഫൻസിൽ പങ്കാളികളാകണം. ചെയർമാന്റെ അനുവാദത്തോടെ കാണികൾക്ക് ചോദ്യങ്ങൾ ചോദിക്കാം. ഡീൻ/ഗവേഷണ സൂപ്പർവൈസറാണ് പങ്കെടുത്തവരുടെ എണ്ണം വീഡിയോ റെക്കോഡിങ് സഹിതം സാക്ഷ്യപ്പെടുത്തേണ്ടത്. വൈവയും ഓപ്പൺ ഡിഫൻസും ഒരു മണിക്കൂറിൽ കുറയാൻ പാടില്ല.

എം.ഫിൽ വൈവയ്ക്കും വിദ്യാർഥിയും ചെയർമാനും (പഠനവകുപ്പ് തലവൻ) ഇന്റേണൽ എക്‌സാമിനറും(മാർഗനിർദേശിയായ അധ്യാപകൻ) നേരിട്ട് വൈവ നടക്കുന്ന സ്ഥലത്ത് പങ്കെടുക്കണം. എക്‌റ്റേണൽ എക്‌സാമിനർക്ക് വീഡിയോ കോൺഫറൻസിങ് വഴി പങ്കെടുക്കാം. വൈവയ്ക്കു ശേഷം ചെയർമാൻ എക്‌സ്‌റ്റേണൽ, ഇന്റേണൽ എക്‌സാമിനറുമായി ചേർന്ന് മാർക്ക് ലിസ്റ്റ് തയാറാക്കി നൽകണം.

കോവിഡ് 19 വ്യാപനത്തെത്തുടർന്ന് വൈവയും മറ്റും സർവകലാശാലകൾ മാറ്റിവച്ചത് ഗവേഷകർക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരമായി ഓൺലൈൻ വൈവ സംവിധാനം. ആരോഗ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ച് വൈവ പൂർത്തീകരിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്.

ആദ്യ ഓൺലൈൻ പിഎച്ച്.ഡി. വൈവ നാളെ

മഹാത്മാഗാന്ധി സർവകലാശാല ഓൺലൈനിലൂടെ നടത്തുന്ന ആദ്യ പിഎച്ച്.ഡി. വൈവയും ഓപ്പൺ ഡിഫൻസും ഇന്ന് (ജൂൺ 19ന്) സർവകലാശാലയിൽ നടക്കും. രാവിലെ 11ന് സ്‌കൂൾ ഓഫ് എൺവയോൺമെന്റൽ സയൻസസിൽ എസ്. ശ്രീധന്യയും ഉച്ചകഴിഞ്ഞ് 2.30ന് സി.എസ്. ഷാലു മോനും ഓൺലൈനായി പിഎച്ച്.ഡി. പബ്ലിക് ഫിഫൻസ് നടത്തി വൈവയ്ക്കു ഹാജരാകും. എസ്.ബി. കോളജിലെ ഡോ. കെ.സി. ഫിലിപ്പിന്റെ മേൽനോട്ടത്തിൽ കെമിസ്ട്രിയിലാണ് ശ്രീധന്യ ഗവേഷണം പൂർത്തീകരിച്ചത്. കൊച്ചിൻ സർവകലാശാലയിലെ ഡോ. ഉഷ അരവിന്ദിന്റെ മേൽനോട്ടത്തിൽ എൺവയോൺമെന്റൽ സയൻസിലാണ് സി.എസ്. ഷാലുമോൻ ഗവേഷണം പൂർത്തീകരിച്ചത്. സർവകലാശാല പ്രോവൈസ് ചാൻസലറായ പ്രൊഫ. സി.ടി. അരവിന്ദകുമാറാണ് ഇരുവരുടെയും കോ-ഗൈഡ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button