KeralaNews

പെട്ടിമുടി ദുരന്തം : കണ്ടെത്തിയത് 26 മൃതദേഹങ്ങള്‍; തെരച്ചില്‍ തുടരുന്നു: മുഖ്യമന്ത്രി

മൂന്നാര്‍ പെട്ടിമുടിയില്‍ ഇതുവരെ കണ്ടെത്തിയത് 26 മൃതദേഹങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ 15 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇന്ന് 11 പേരുടെ മൃതദേഹം കണ്ടെത്തി. ഇതില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിഞ്ഞത് രാജ, വിജില, കുട്ടിരാജ്, പവന്‍ദായി മണികണ്ഠന്‍, ദീപക്ക്, ഷണ്‍മുഖ അയ്യര്‍, പ്രഭു എന്നിവരെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

രാജമലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. ഹൃദയഭേദകമായ രംഗമാണ് അവിടുള്ളത്. ഒറ്റയടിക്ക് ഇല്ലാതായി പോയവരുടെ മൃതദേഹങ്ങള്‍ ഒന്നിച്ച് സംസ്‌കരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ അതിവേഗം നടത്തുന്നുണ്ട്. മരണമടഞ്ഞവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കും. ചികിത്സ സര്‍ക്കാര്‍ ചെലവില്‍ നടത്തും. പ്രകൃതി ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ട ഇവരെ സംരക്ഷിക്കാനും തുടര്‍ന്നുള്ള ജീവിതത്തിന് സഹായിക്കാനും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എം. എം. മണി എന്നിവര്‍ അവിടെ ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കും. 78 പേരാണ് ദുരന്തത്തില്‍പ്പെട്ടത്. 12 പേരെ രക്ഷപ്പെടുത്താനായി. 26 പേരുടെ മൃതദേഹം കണ്ടെത്തി. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സംവിധാനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനം രാവിലെ തന്നെ പുനഃരാരംഭിച്ചിരുന്നു. എന്‍ഡിആര്‍എഫിന്റെ രണ്ട് ടീമുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. പൊലീസ്, ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളും നാട്ടുകാരുമുണ്ട്. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിയിട്ടുണ്ട്.

ഉരുള്‍പൊട്ടലുണ്ടായ ഭാഗത്ത് വെള്ളം ഒഴുക്ക് നിലനില്‍ക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വെല്ലുവിളിയാണ്. രാജമലയില്‍ നിന്നും പെട്ടിമുടിയിലേക്കുള്ള വഴിയില്‍ പലയിടത്തും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിയും കിടക്കുകയാണ്. വലിയ വാഹനങ്ങള്‍ ദുരന്തമുഖത്ത് എത്തിക്കുന്നതിന് ഇത് തടസം സൃഷ്ടിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker