ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല എണ്ണ വിതരണ കമ്പനിയായ ബിപിസിഎല്‍ സ്വകാര്യവല്‍ക്കരിച്ചാലും പാചകവാതക സബ്സിഡി തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. പാചകവാതക സബ്സിഡി ഉപഭോക്താക്കള്‍ക്ക് നേരിട്ടാണ് നല്‍കുന്നത്. അല്ലാതെ കമ്പനി വഴിയല്ലെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.
ബിപിസിഎല്‍ സ്വകാര്യവല്‍ക്കരിച്ചാല്‍ പതിവുപോലെ സബ്സിഡി ലഭിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. കമ്പനിയുടെ ഉടമസ്ഥാവകാശം പാചകവാതക സബ്സിഡി ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ പ്രതിവര്‍ഷം ഒരു കുടുംബത്തിന് 12 പാചകവാതക സിലിണ്ടറാണ് സബ്സിഡി നിരക്കില്‍ നല്‍കുന്നത്. സബ്സിഡി നേരിട്ട് ഉപഭോക്താവിന്റെ അക്കൗണ്ടിലാണ് ഇടുന്നത്. സബ്സിഡി മുന്‍കൂറായാണ് നല്‍കുന്നത്. ഇതുപയോഗിച്ച് പാചകവാതക സിലിണ്ടര്‍ വാങ്ങുന്നതിനുള്ള സൗകര്യമാണ് ലഭിക്കുന്നത്. ബിപിസിഎല്ലിന് പുറമേ എച്ച്പിസിഎല്‍, ഐഒസി എന്നി എണ്ണവിതരണ കമ്പനികളാണ് ഉപഭോക്താക്കള്‍ക്ക് പാചകവാതക സിലിണ്ടര്‍ എത്തിക്കുന്നത്.
സര്‍ക്കാരിന്റെ കൈവശമുള്ള ബിപിസിഎല്ലിന്റെ 53 ശതമാനം ഓഹരി വില്‍ക്കാനാണ് തീരുമാനം. മാനേജ്മെന്റിലും ഇതോടൊപ്പം മാറ്റം ഉണ്ടാകും. ബിപിസിഎല്ലിന്റെ ഭൂരിപക്ഷം ഓഹരികള്‍ കൈയാളുന്ന സ്ഥാപനത്തിന് രാജ്യത്തെ മൊത്തം എണ്ണവിതരണത്തിന്റെ 22 ശതമാനം വിഹിതം ലഭിക്കും.