കൊച്ചി: എറണാകുളം ചെറായിയിൽ പെട്രോൾ പമ്പിൽ നിന്നും ഒരു ലക്ഷത്തിലധികം രൂപയും മൊബൈൽ ഫോണും കവർന്ന സംഭവത്തില്‍ രണ്ട് പേര്‍ പിടിയിൽ. തൃശൂർ ചെമ്പൂത്ര സ്വദേശി ജ്യോൽസ്നയും ഭർത്താവ് റിയാദുമാണ് പിടിയിലായത്. മുൻ വാതിൽ കുത്തി തുറന്ന് മോഷ്ടാവ് അകത്ത് കടക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ഒരു ലക്ഷത്തിമുപ്പതിനായിരം രൂപയും ഓഫീസ് ആവശ്യങ്ങൾക്കുപയോഗിക്കുന്ന മൊബൈൽ ഫോണുകളുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. അന്ന് തന്നെ കോഴിക്കോടും സമാനമായ രീതിയിൽ പമ്പിൽ മോഷണം നടന്നിരുന്നു. കോട്ടൂളിയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കിയാണ് അജ്ഞാതൻ കവർച്ച നടത്തിയത്. അർദ്ധരാത്രിയോടെയാണ് ജീവനക്കാരനെ കെട്ടിയിട്ട് സിനിമാമോഡലിൽ മോഷണം നടന്നത്.
ഈ കേസിലെ പ്രതിയും ഇന്ന് പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. ലപ്പുറം കാലടി സ്വദേശി സാദിഖാണ് ദിവസങ്ങൾക്കുള്ളിൽ പൊലീസിന്റെ പിടിയിലായത്. ജീവനക്കാരനെ മര്‍ദ്ദിച്ച് കെട്ടിയിട്ട ശേഷം പമ്പിൽ നിന്നും 50,000 രൂപയുമായി ഇയാൾ കടന്നുകളയുകയായിരുന്നു. പമ്പിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും മര്‍ദ്ദനത്തിന്റെയും കവര്‍ച്ചയുടെയും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
കറുത്ത വസ്ത്രങ്ങളും കൈയുറയും കറുത്ത മുഖം മൂടിയും ധരിച്ചാണ് ഇയാൾ പെട്രോൾ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറിയെത്തിയത്. തുടർന്ന് പെട്രോൾ പമ്പിലെ ജീവനക്കാരനും ഇയാളും തമ്മിൽ മൽപ്പിടുത്തമുണ്ടായി. ജീവനക്കാരനെ ഇയാൾ ക്രൂരമായി മർദ്ദിച്ചു. പരിക്കേറ്റ പെട്രോൾ പമ്പ് ജീവനക്കാരൻ മുഹമ്മദ് റാഫിയെ ആശുപത്രിയിലായിരുന്നു. ഹിന്ദി ചിത്രം ധൂം ആണ് കവർച്ച നടത്താന്‍ പ്രതിക്ക് പ്രചോദനമായത് എന്നാണ് പൊലീസ് പറയുന്നത്. ചിത്രത്തിലെ മോഷണ സീനുകൾ കണ്ടാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് പ്രതി മലപ്പുറം എടപ്പാൾ സ്വദേശി സാദിഖ് പൊലീസിനോട് പറഞ്ഞത്.
ധൂം അടക്കമുള്ള ത്രില്ലർ സിനിമകൾ കണ്ടാണ് മുഖം മൂടിയും കോട്ടും ധരിച്ച് മോഷണത്തിനിറങ്ങിയത്. പെട്രോൾ പമ്പിലെ സാഹചര്യങ്ങൾ വ്യക്തമായി അറിയാവൂന്ന ആളാകും മോഷ്ടാവ് എന്ന് പൊലീസ് ആദ്യമെ സംശയിച്ചിരുന്നു. ഇത് സാധൂകരിക്കുന്നതായിരുന്നു പിന്നീടുള്ള പൊലീസിന്റെ കണ്ടെത്തലുകൾ.
പമ്പിലെ മുൻ ജീവനക്കാരനായതിനാൽ സാഹചര്യങ്ങളെ കുറിച്ച് സാദിഖിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പമ്പിലെ ഓഫീസ് മുറിക്ക് മുകളിൽ രാത്രിയോടെ ഇയാൾ കയറിക്കൂടി. പുലർച്ചെ ഒരു ജീവനക്കാരൻ മാത്രമുള്ളപ്പോൾ താഴേക്ക് ഇറങ്ങി. മുളക് പൊടി വിതറിയ ശേഷം ജീവനക്കാരനെ കെട്ടിയിട്ട്, പോക്കറ്റിലുണ്ടായിരുന്ന പണവും പ്രതി കവർന്നിരുന്നു.