KeralaNews

നാലിടത്ത് സിഗ്നൽ, മൂന്നാം സ്പോട്ടിൽ ലോറി,തിരച്ചിൽ തുടരും;അര്‍ജുന്‍ എവിടെയെന്ന് വ്യക്തമല്ല

അങ്കോല (കർണാടക): മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം രാത്രിയിലും തുടരുമെന്ന് തിരച്ചിലിന് നേതൃത്വം നൽകുന്ന റിട്ട. മേജര്‍ ജനറല്‍ എം. ഇന്ദ്രബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ നാലിടങ്ങളിൽ നിന്നാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. ഇതിൽ മൂന്നാം സ്പോട്ടിൽ അർജുന്റെ ട്രക്ക് ഉണ്ടാകാം എന്നാണ് കരുതുന്നത്. ഇവിടെ തിരച്ചിൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എവിടെയാണ് ട്രക്കിന്റെ സ്ഥാനം എന്ന് കണ്ടെത്താനാണ് കർണാടക സർക്കാർ തങ്ങളെ വിളിച്ചത്. നാലിടങ്ങളിൽ സിഗ്നൽൽ ലഭിച്ചു. റോഡിന്റെ സുരക്ഷാ കവചം, ടവർ, അർജുന്റെ ലോറി, ടാങ്കറിന്റെ ക്യാബിൻ എന്നിവയാണ് കാണാതായിട്ടുള്ളത്. ഇവ നാലും വെള്ളത്തിലായിരിക്കാനാണ് സാധ്യതയെന്ന് മനസ്സിലാക്കി. കഴിഞ്ഞ ദിവസം രണ്ട് സ്ഥലങ്ങൾ കിട്ടി. ബാക്കി എവിടെയാണ് എന്ന് കണ്ടെത്താനായിരുന്നു ശ്രമം. വെള്ളത്തിൽ വീണ്ടും തിരച്ചിൽ നടത്തിയപ്പോൾ മൂന്നാമത്തെ സ്ഥലവും കിട്ടി. ഇതിൽ എവിടെയാണ് ട്രക്ക് എന്നത് ഏറ്റവും വലിയ പ്രശ്നമായിരുന്നു- മേജർ ഇന്ദ്രപാലൻ പറഞ്ഞു.

ഏറ്റവും അടിത്തട്ടിലാണ് മൂന്നാം സ്പോട്ട് കിട്ടിയത്. അത് ട്രക്ക് ആകാം എന്നാണ് ശക്തമായ ഊഹം. ട്രക്കിൽ വലിയ ഭാരമുണ്ടായിരുന്നു. നന്നായി കെട്ടിയിട്ടുണ്ടായിരുന്നു ഇവ. ലോറിയിൽ നിന്ന് ലോഡ് വേർപ്പെട്ടോ ഇല്ലേ എന്ന കാര്യത്തിൽ ഉച്ചവരെ ഉത്തരമുണ്ടായിരുന്നില്ല. ക്യാബിൻ തകര്‍ന്നിട്ടില്ല എന്നാണ് കരുതിയിരുന്നത്. എന്നാൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ചില മരക്കഷ്ണങ്ങൾ കിട്ടി. ലോറി വെള്ളത്തിൽ പോയശേഷം കയറ് പൊട്ടി ലോഡ് വേർപ്പെട്ടതാകാം. കുറച്ച് നേരം ലോറി ഒഴുകിയ ശേഷം പിന്നെ അടിത്തട്ടിലേക്ക് പോയി എന്നാണ് കരുതുന്നത്. സിഗ്നലും ഊഹങ്ങളും തമ്മിൽ ചേരുന്നുണ്ട്.

രാത്രി വീണ്ടും തിരച്ചിൽ നടത്തുന്നുണ്ട്. ഒന്ന് ഉറപ്പു വരുത്താൻ വേണ്ടിയാണ് ഇത്. എന്തെങ്കിലും ചെറിയ സൂചനകൾ ലഭിച്ചേക്കാം. അർജുന്റെ ശരീരം അവിടെ ഉണ്ടെങ്കിൽ, അത് എങ്ങനെ എടുക്കണമെന്നത് ഭരണകൂടത്തിന്റെ കൈയിലാണ്. മഴ ശക്തമാണ്. ‘നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ ഡിസൈൻഡ് കപ്പാസിറ്റി രണ്ട് നോട്ട്സാണ്. ജീവൻ രക്ഷിക്കാൻ വേണ്ടി മൂന്ന് നോട്ട്സ് വരെ ചെയ്യും. ആറോ ഏഴോ നോട്ട്സിൽ ഡൈവ് ചെയ്യാമെന്നുവെച്ചാല്‍ അത് ആത്മഹത്യപരമായിരിക്കും. എന്നാൽ നാവികസേനയാണ് അക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ പറയേണ്ടത്’- അദ്ദേഹം പറഞ്ഞു.

അർജുനെ കൊണ്ടുവരണം. അതിനുള്ള ഒരു ഉത്തരം നൽകിയിട്ടുണ്ട്. തിരച്ചില്‍ദൗത്യം രാത്രിയും തുടരും. മുങ്ങല്‍ വിദഗ്ധര്‍ താഴെ പോകുമ്പോൾ ഡൈവിങ് പ്ലാൻ എങ്ങനെയാണ് എന്ന കാര്യം നോക്കുന്നുണ്ട്. ചിലപ്പോൾ അർജുൻ വണ്ടിയുടെ പുറത്തായിരിക്കാം എന്ന സാധ്യതയും ഉണ്ട്. സാധ്യതകളൊക്കെ ഉപയോഗിച്ച് പരിശോധന തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

ട്രക്കിന്റെ ക്യാബിൻ വേർപ്പെടാൻ സാധ്യത ഉണ്ടോ എന്നകാര്യവും പരിശോധിച്ചു. അങ്ങനെ ആണെങ്കിൽ അഞ്ചാമതൊരു സ്പോട്ട് കിട്ടും. അതിനുള്ള സാധ്യതകളൊക്കെ പരിശോധിച്ചു. എന്നാൽ അതിനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർജുൻ അകത്തുണ്ടായിരുന്നോ അതോ പുറത്തായിരുന്നോ എന്നാതാണ് ഇപ്പോൾ വലിയ ചോദ്യചിഹ്നം. ഊഹങ്ങളും സ്‌കാനിങ് വിവരങ്ങളുമടക്കം വെച്ച് അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. റോഡിൽ നിന്ന് അമ്പത് മീറ്ററിലേറെ ദൂരത്താണ് സ്പോട്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker