പെര്‍ത്ത്: ബോര്‍ഡര്‍ – ഗാവസ്‌ക്കര്‍ ട്രോഫി പരമ്പരയ്ക്കായി കാത്തിരുന്ന ആരാധകരെ ത്രില്ലടിപ്പിക്കുന്നതായിരുന്നു പെര്‍ത്ത് ടെസ്റ്റില്‍ ആദ്യ രണ്ടു ദിനങ്ങള്‍. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 150 റണ്‍സിന് പുറത്തായപ്പോള്‍ നെറ്റിചുളിച്ചവര്‍ക്ക്, ഓസീസിനെ വെറും 104 റണ്‍സില്‍ എറിഞ്ഞിട്ടാണ് ജസ്പ്രീത് ബുംറയും സംഘവും മറുപടി നല്‍കിയത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് താരങ്ങളെ പോലും ഞെട്ടിച്ച ബാറ്റിങ്ങുമായാണ് യശസ്വി ജയ്‌സ്വാള്‍ – കെ.എല്‍ രാഹുല്‍ സഖ്യം കളംനിറഞ്ഞത്. രണ്ടു സെഷന്‍ പൂര്‍ണമായും ബാറ്റ് ചെയ്ത ഇന്ത്യന്‍ ഓപ്പണിങ് ജോഡി രണ്ടാം ദിനം കളിയാവസാനിക്കുമ്പോള്‍ 172 റണ്‍സ് ചേര്‍ത്തിട്ടുണ്ട്.
20 വര്‍ഷത്തിനിടെ ഓസ്‌ട്രേലിയയില്‍ ടെസ്റ്റില്‍ 100 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ച ആദ്യ ഇന്ത്യന്‍ ഓപ്പണിങ് ജോഡിയാണ് രാഹുല്‍ – ജയ്‌സ്വാള്‍ സഖ്യം. 2004 ജനുവരിയില്‍ സിഡ്‌നി ടെസ്റ്റില്‍ ആകാശ് ചോപ്രയും വീരേന്ദര്‍ സെവാഗും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 123 റണ്‍സെടുത്ത ശേഷം പിന്നീട് ഇപ്പോഴാണ് ഒരു ഇന്ത്യന്‍ ഓപ്പണിങ് സഖ്യത്തിന് ഓസീസില്‍ സെഞ്ചുറി കൂട്ടുകെട്ട് സ്വന്തമാക്കാന്‍ സാധിക്കുന്നത്. ഓസീസ് മണ്ണില്‍ സെഞ്ചുറി കൂട്ടുകെട്ട് സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യന്‍ ഓപ്പണിങ് സഖ്യമാണ് രാഹുലും ജയ്‌സ്വാളും.
ഓസീസ് മണ്ണില്‍ ഒരു ഇന്ത്യന്‍ ഓപ്പണിങ് സഖ്യം നേടുന്ന രണ്ടാമത്തെ ഉയര്‍ന്ന കൂട്ടുകെട്ടാണ് രാഹുല്‍ – ജയ്‌സ്വാള്‍ സഖ്യത്തിന്റെ 172 റണ്‍സ്. 1986 ജനുവരിയില്‍ സിഡ്നിയില്‍ സുനില്‍ ഗാവസ്‌ക്കറും ക്രിസ് ശ്രീകാന്തും സ്ഥാപിച്ച 191 റണ്‍സാണ് ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട്. മൂന്നാം ദിനം ഈ റെക്കോഡ് രാഹുലും ജയ്‌സ്വാളും തകര്‍ക്കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.