News

കരുതല്‍ ഡോസ് ആയി മൂക്കിലൂടെ ഒഴിക്കുന്ന വാക്സിന്‍?; നേസല്‍ വാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി

ന്യൂഡല്‍ഹി: മൂക്കിലൂടെ തുള്ളിമരുന്നതായി ഒഴിക്കുന്ന കൊവിഡ് വാക്സിന്റെ പരീക്ഷണത്തിന് ഭാരത് ബയോടെക്കിന് ഡിസിജിഐയുടെ വിദഗ്ധ സമിതി അനുമതി നല്‍കി. ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്സിന്‍ നല്‍കുന്നതിനുള്ള പരീക്ഷണത്തിനാണ് അനുമതിയായിരിക്കുന്നത്. മൂക്കിലൂടെ നല്‍കുന്ന വാക്സിന്റെ പരീക്ഷണത്തെക്കുറിച്ച്, നേരത്തെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. ഈ വാക്സിന്‍ എത്തുന്നതോടെ കൊവിഡ് പ്രതിരോധ നടപടികള്‍ക്കു കൂടുതല്‍ വേഗം കൈവരും എന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

തുള്ളിമരുന്ന് രീതിയില്‍ മൂക്കിലൂടെ നല്‍കുന്ന വാക്സിനാണ് നേസല്‍ വാക്സിന്‍. മൂക്കില്‍നിന്ന് നേരിട്ട് ശ്വസന പാതയിലേക്ക് മരുന്ന് എത്തും. കുത്തിവെപ്പിന്റെയോ സൂചിയുടെയോ ആവശ്യമില്ലെന്നതാണ് നേസല്‍ വാക്സിന്റെ പ്രധാന ഗുണം. വൈറസ് ശരീരത്തിനകത്ത് പ്രവേശിക്കുന്നത് പ്രധാനമായും മൂക്കിലൂടെ ആയതിനാല്‍ ഇവിടെതന്നെ പ്രതിരോധ ശേഷി സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ് നേസല്‍ വാക്സിന്‍.

പ്രവേശന കവാടത്തില്‍തന്നെ തടയുന്നതിനാല്‍ വൈറസ് ശ്വാസകോശത്തില്‍ പ്രവേശിക്കില്ല. ഭാരത് ബയോടെകിന്റെ നേസല്‍ വാക്സിന് (ബി.ബി.വി154) മൂന്നാം ഘട്ട പരീക്ഷണത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷമാണ് മൂക്കിലൂടെ നല്‍കാവുന്ന വാകസിന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചത്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ വാക്സിന്‍ ഫലപ്രദമാണെന്ന് തെളിയിക്കുകയും ചെയ്തു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 58,097പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 15,389 പേര്‍ രോഗമുക്തരായി. 534പേര്‍ മരിച്ചു. 4.18 ആണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2,14,004പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 3,43,21,803 പേര്‍ രോഗമുക്തരായി. 4.82,551 പേരാണ് മരിച്ചത്. 147.72പേര്‍ക്ക് രാജ്യത്ത് ഇതിനോടകം വാക്സിന്‍ നല്‍കിയിട്ടുണ്ട്.

മഹാരാഷ്ട്രയിലും ബംഗാളിലും കൊവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 18,466പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം 66,308 ആയി. ഒമൈക്രോണ്‍ കേസുകളുടെ എണ്ണം 653 ആയി. 259 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് മുംബൈയിലാണ് കൂടുതല്‍ കൊവിഡ്, ഒമൈക്രോണ്‍ രോഗികളുള്ളത്. ബംഗാളില്‍ 9,073 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,768 പേര്‍ രോഗമുക്തി നേടി. 16 പേര്‍ മരിച്ചു.

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഡല്‍ഹിയിലും മുംബൈയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഭരണകൂടം. ഡല്‍ഹിയില്‍ സര്‍ക്കാര്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കൊവിഡ് വ്യാപനം ഇപ്പോഴുള്ള രീതിയില്‍ തുടര്‍ന്നാല്‍ മുംബൈയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും. വാരാന്ത്യ കര്‍ഫ്യൂവിന് പുറമെ ഡല്‍ഹിയില്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണവും കുറച്ചു. ബസ്, മെട്രോ സര്‍വീസുകള്‍ മാറ്റമില്ലാതെ തുടരും. അവശ്യ സര്‍വീസുകളില്‍ ഉള്ള ജീവനക്കാര്‍ ഒഴികെയുള്ളവര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

പ്രതിദിന കോവിഡ് കേസുകള്‍ 20,000 കവിഞ്ഞാല്‍ മുംബൈയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മുംബൈ മേയര്‍ കിഷോരി പട്നേക്കര്‍ പറഞ്ഞു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അടുത്തദിവസം വാര്‍ത്താസമ്മേളനം വിളിക്കും. നഗരത്തിലെ ആള്‍ക്കൂട്ടത്തില്‍ കുറവുവന്നില്ലെങ്കില്‍ മിനി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മേയര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button