KeralaNews

വല്ലാർപാടം റെയിൽപാതയുടെ താൽക്കാലിക ബണ്ടും നിർമ്മാണാവശിഷ്ടവും നീക്കുന്നതിന് അടിയന്തര നടപടി എടുക്കുമെന്ന് മന്ത്രി പി രാജീവ്

കൊച്ചി:വല്ലാർപാടം റെയിൽപാതയുടെ താൽക്കാലിക ബണ്ടും നിർമ്മാണാവശിഷ്ടവും നീക്കുന്നതിന് അടിയന്തര നടപടി എടുക്കുമെന്ന് വ്യവസായ – നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കളമശ്ശേരി, ഏലൂർ, മുപ്പത്തടം, ആലുവ ഭാഗങ്ങളിലെ വെള്ളപ്പൊക്കത്തിന് കാരണമാകുന്നത് വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്കുള്ള റെയിൽപാതയുടെ ഭാഗമായി നിർമ്മിച്ച താൽക്കാലിക ബണ്ടും നിർമ്മാണ അവശിഷ്ടങ്ങളും ആണെന്ന ജലവിഭവ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് .വളരെ ഗൗരവമേറിയ പ്രശ്മായാണിതിനെ സർക്കാരും ജില്ലാ ഭരണകൂടവും കാണുന്നത് .

അതിഭീകരമായ സാമൂഹിക പാരിസ്ഥിതിക പ്രശ്നമാണിതെന്നും മന്ത്രി പറഞ്ഞു. ജൂലൈ 6 ചൊവ്വാഴ്ച ഇതു സംബന്ധിച്ച് റെയിൽവേ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകണം . റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് മന്ത്രി നിർദേശം നൽകി.

താൽക്കാലിക ബണ്ടും നിർമ്മാണ അവശിഷ്ടങ്ങളും നീക്കം ചെയ്താൽ മാത്രമേ വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും പരിഹാരമാകൂ എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വ്യവസായ – നിയമ വകുപ്പ് മന്ത്രി പി രാജീവിന്റെ നിർദ്ദേശപ്രകാരം ജല വിഭവ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെത്തുടർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്. വടുതല ഡോൺ ബോസ്കോ ലൈനിലെ കടവിന് സമീപം, കായലിനു കുറുകെ വല്ലാർപാടത്തേക്കുള്ള റെയിൽവേലൈനിന്റെ ഇരുവശങ്ങളിലും ആണ് നീരൊഴുക്കിന് കാര്യമായ തടസ്സം നേരിടുന്നത്.

പെരിയാർ നദിയൊഴുകി കായലുമായി സംഗമിക്കുന്ന സ്ഥാനമാണിത്.റെയിൽവേ പാതയുടെ നിർമ്മാണത്തിനു വേണ്ടി 2009 ൽ ഇവിടെ താൽക്കാലിക ബണ്ട് നിർമ്മിച്ചിരുന്നു. നിർമ്മാണം പൂർത്തിയായ ശേഷവും ഈ ബണ്ട് നീക്കം ചെയ്തിട്ടില്ല. താൽക്കാലിക ബണ്ടും നിർമ്മാണാവശിഷ്ടവും നീക്കുമെന്ന് അഫ്കോൺസ് നേരത്തെ ഹൈക്കോടതിയിൽ ഉറപ്പു നൽകിയിരുന്നതാണ്.

നിർമ്മാണത്തിന്റെ ഭാഗമായ അവശിഷ്ടങ്ങളും ഈ ഭാഗത്ത് അടിഞ്ഞു കൂടിയതിനാൽ സുഗമമായ നീരൊഴുക്ക് ഇതുമൂലം തടസ്സപ്പെട്ടു. മാത്രമല്ല ആവാസ വ്യവസ്ഥയെയും ഇതു പ്രതികൂലമായി ബാധിച്ചു. തടസം മൂലം റെയിൽവേയുടെ ഇരുപതോളം തൂണുകൾക്കിടയിലൂടെയുള്ള പത്തൊൻപത് ഗ്യാപ്പുകളിൽ രണ്ടെണ്ണത്തിലൂടെ മാത്രമാണ് മത്സ്യ ബന്ധനയാനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നത്. റെയിൽവേ തൂണുകളുടെ ഇരുവശത്തുമായി ഒരു കിലോമീറ്റർ ദൂരം വരെ എക്കലും മണലും മറ്റു മാലിന്യങ്ങളും അടിഞ്ഞുകൂടി തടസ്സം സൃഷ്ടിച്ചിരിക്കുകയാണിപ്പോൾ.

ഇത് നീക്കിയില്ലെങ്കിൽ ഇനി ഒഴുകിവരുന്ന മാലിന്യങ്ങളും ഇവിടെ അടിഞ്ഞുകൂടി സ്ഥിതി ഗുരുതരമാകുമെന്നും യോഗം വിലയിരുത്തി. 780 മീറ്റർവീതിയുള്ള ഈ ഭാഗത്ത് തടസ്സം പൂർണമായി മാറ്റുന്നതിന് 15.6 ലക്ഷം ഘനമീറ്റർ ചെളി നീക്കം ചെയ്യണം. ഇതിന് 30 കോടി രൂപയാണ്ചെലവ് പ്രതീക്ഷിക്കുന്നത്.ചെളി മാറ്റുന്നതിന് സമീപ ദ്വീപുകളിൽ സ്ഥലം കണ്ടെത്തേണ്ടതുണ്ട്.യോഗത്തിൽ ജില്ലാ കളക്ടർ എസ് സുഹാസ് , ഫോർട്ട് കൊച്ചി സബ് കളക്ടർ ഡോ. ഹാരിസ് റഷീദ്, ഇറിഗേഷൻ, റവന്യൂ , റെയിൽവേ , പോർട്ട് ട്രസ്റ്റ് , ഡി പി വേൾഡ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker