ഏലൂര്‍: രണ്ടര മണിക്കൂറോളം കറുത്ത നിറത്തില്‍ ഒഴുകി പെരിയാര്‍. പെരിയാറിലേക്കു വന്‍തോതില്‍ രാസമാലിന്യം ഒഴുക്കിയതോടെയാണ് പെരിയാറിന്റെ നിറം കറുത്തത്. വലിയ ദുര്‍ഗന്ധവും പരന്നു. മത്സ്യങ്ങള്‍ക്ക് ശ്വാസം കിട്ടാത്ത അവസ്ഥയുമുണ്ടായി. അഗ്‌നിരക്ഷാ സേനയുടെ ബോട്ട് കടത്തിവിടുന്നതിനു 11.15നു പാതാളം റഗുലേറ്റര്‍ ബ്രിജിന്റെ 4 ഷട്ടറുകള്‍ തുറന്നതോടെ മാലിന്യം വ്യാപിച്ചു.
ഇതോടെ പാലത്തിന്റെ മേല്‍ത്തട്ടിലും താഴേത്തട്ടിലും പുഴ കറുത്ത നിറത്തിലായി. എടയാര്‍ വ്യവസായമേഖലയോടു ചേര്‍ന്നാണു പുഴയിലേക്കു മാലിന്യം കലര്‍ന്നിരിക്കുന്നത്. പുഴയുടെ നിറം മാറിയത് നാട്ടുകാര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ അറിയിച്ചു.
എന്നാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (പിസിബി) സര്‍വീലന്‍സ് സംഘം എത്തിയതു 2 മണിക്കൂറോളം വൈകിയാണ്.സര്‍വീലന്‍സ് സംഘം പുഴയില്‍ നിന്നു മലിനജലത്തിന്റെ സാംപിള്‍ ശേഖരിച്ചു മടങ്ങി. എന്നാല്‍ മാലിന്യത്തിന്റെ ഉറവിടം കണ്ടെത്താന്‍ പിസിബിക്കു കഴിഞ്ഞിട്ടില്ല.