മലയാളികളായ യുവതിയും യുവാവും ചിട്ടിയുടെ പേരിൽ ഇസ്രായേലിൽ നിന്നും കോടികൾ പിരിച്ചെടുത്ത് മുങ്ങി. ചാലക്കുടി സ്വദേശി ലിജോ ജോർജും കണ്ണൂർ സ്വദേശി ഷൈനി മോളും ഗൂഢാലോചന നടത്തി 350ഓളം പ്രവാസി മലയാളികളുടെ പണം തട്ടിയെടുക്കുകയായിരുന്നു. 20 കോടിയിലധികം ഇന്ത്യൻ രൂപയുടെ തട്ടിപ്പു നടന്നതായി നിക്ഷേപകർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇസ്രായേൽ അധികൃതർക്കും കേരള ഡിജിപിക്കും കണ്ണൂർ ജില്ലാ പോലീസിനും പരാതി നൽകിയിട്ടുണ്ട്.
ഏഴു വർഷമായി ഇസ്രായേലിൽ ജോലി ചെയ്യുന്ന ലിജോ ജോർജും, ഷൈനിയും പെർഫെക്റ്റ് കുറീസ് എന്ന പേരിൽ കമ്പനി നടത്തിവരികയായിരുന്നു. വലിയ വാഗ്ദാനങ്ങൾ നൽകിയാണ് ഇവർ പണം പിരിക്കുന്നത്. 5 മുതൽ 30 മാസം വരെയുള്ള കാലയളവിലായിരുന്നു ചിട്ടികൾ. ഇസ്രായേലി കറൻസിയായ 5,000 ഷെക്കൽ 15 മാസത്തേക്ക് അടച്ചാൽ (ആകെ 75000) 100,000 ഷെക്കൽ തിരികെ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.
ഇസ്രായേലി കറൻസിയായ 1 ഷെക്കൽ ഇന്ത്യൻ കറൻസിയുമായി ഇപ്പോൾ താരതമ്യം ചെയ്താൽ
24.38 രൂപയാണ് മൂല്യം. അതായത് 1828500 രൂപ 15 മാസം കൊണ്ട് ചിട്ടി അടയ്‌ക്കുമ്പോൾ തിരികെ ലഭിക്കുന്നത് 24,38,000 രൂപയാണ്. മാത്രമല്ല 15 മാസത്തെ സ്കീമിൽ 14 മാസം പണമടച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ വാഗ്ദാനം ചെയ്ത ഒരു ലക്ഷം ഷെക്കലും ഒരുമിച്ച് തിരികെ നൽകുമെന്നും ഇവർ നിക്ഷേപകർക്കു ഉറപ്പു നൽകി.
10 മാസത്തെ ചിട്ടിയിൽ 9 മാസത്തേക്ക് 4000 ഷെക്കൽ (90000 ഇന്ത്യൻ രൂപ) അടച്ച ഒരു നിക്ഷേപകൻ ഉൾപ്പെടെ നിരവധി ആളുകൾ പണം തിരികെ ചോദിച്ചെങ്കിലും ലഭിച്ചില്ല. മാത്രമല്ല, ചിട്ടി ഉടമകളുമായി സംസാരിച്ചപ്പോൾ കൂടുതൽ സമയം ചോദിച്ച് കബളിപ്പിച്ചു എന്നും തട്ടിപ്പിന് ഇരയായവർ പറയുന്നു. പരാതിക്കാരൻ ഉൾപ്പെടുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ 250 ഓളം പേർ തട്ടിപ്പിനിരയായിട്ടുണ്ട്. ഇതിനു പുറമെ നൂറോളം പേർ പണം നൽകിയതായും പറയുന്നു.
75 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരും പരാതിക്കാരിൽ ഉൾപ്പെടുന്നു. വർഷങ്ങളായി കഷ്ടപ്പെട്ട് സമ്പാദിച്ച പണം തട്ടിപ്പ് സംഘം കൊള്ളയടിച്ചതായി ചൂണ്ടിക്കാട്ടി ജറുസലേം പോലീസ്, ഇന്ത്യൻ എംബസി, കേരള മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് പരാതികൾ നൽകിയിട്ടുണ്ട്. ചാലക്കുടി പരിയാരം സ്വദേശി ലിജോ ജോർജ്,, കണ്ണൂർ പാണ്ടങ്കവല സ്വദേശി പാലമറ്റം വീട്ടിൽ ഷൈനി ഷിനിൽ എന്നിവരാണ് കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയത്.
തട്ടിപ്പിനിരയായവരുടെ ബന്ധുക്കൾ കേരളത്തിലെ വീടുകളിൽ എത്തിയപ്പോൾ സംഭവത്തെ കുറിച്ച് ഒന്നും അറിയില്ല എന്നായിരുന്നു വീട്ടുകാരുടെ മറുപടി. എന്നാൽ ഷൈനിയുടെ ഭർത്താവ് യൂട്യൂബർ ഷിനിൽ ഉൾപ്പെടെയുള്ളവർക്ക് ഈ തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്. ഷൈനിയുടെ ഭർത്താവിനോട് വിവരം പറഞ്ഞപ്പോൾ തങ്ങൾ ഇപ്പോൾ ഒരുമിച്ചല്ല താമസം എന്നായിരുന്നത്രേ മറുപടി.
പണം നൽകിയവർ തട്ടിപ്പിനിരയായ വിവരം അറിയുന്നത് ലിജോ ജോർജും ഷൈനി മോളും ഇസ്രയേൽ വിട്ടതിന് ശേഷമാണ്. ഇരുവരും യൂറോപ്പിലേക്ക് കടക്കാൻ ശ്രമിച്ചതായി വിവരമുണ്ട്. പണം നഷ്ടപ്പെട്ട പലരും നാട്ടിലേക്ക് മടങ്ങാനാവാതെ ഇസ്രായേലിൽ കുടുങ്ങിക്കിടക്കുകയാണ്.