സിറിയയിൽ പ്രസിഡൻറിൻറെ കൊട്ടാരം ജനം കയ്യേറി ,അസദിന്റെ പ്രതിമകൾ തകർത്ത് ആഘോഷം
ദമാസ്‌കസ്: പ്രസിഡന്റ് ബഷര്‍ അല്‍ അസദ് രാജ്യം വിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ക്കുപിന്നാലെ പ്രസിഡന്റിന്റെ വസതിയിലേക്കിരച്ചുകയറി ജനങ്ങള്‍. പ്രസിഡന്റിന്റെ വസതിയായ ദമാസ്‌കസിലെ കൊട്ടാരത്തില്‍ അതിക്രമിച്ചു കയറിയ ജനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ അസദിന്റെ സ്വത്തുക്കള്‍ കൊള്ളയടിച്ചു.
വിമതര്‍ തലസ്ഥാനത്ത് പ്രവേശിച്ചതിനുപിന്നാലെ തന്റെ 24 കൊല്ലത്തെ ഏകാധിപത്യഭരണം ഉപേക്ഷിച്ച് അസദ് വിമാനമാര്‍ഗ്ഗം രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. യാത്രാലക്ഷ്യസ്ഥാനം അസദ് വെളിപ്പെടുത്തിയിരുന്നില്ലെന്ന് രണ്ട് മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു.
പ്രസിഡന്റിന്റെ വസതിയില്‍ ജനങ്ങള്‍ കയറുന്നതിന്റേയും വസ്തുവകകള്‍ നശിപ്പിക്കുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.
കൂടാതെ, അസദിന്റെ പിതാവും മുന്‍ പ്രസിഡന്റുമായ ഹാഫിസ് അല്‍ അസദിന്റെ പ്രതിമകള്‍ തകര്‍ത്ത് തലസ്ഥാന വീഥികളിലൂടെ വലിച്ചിഴച്ച് ജനങ്ങള്‍ വിമതരോടുള്ള ഐക്യദാര്‍ഢ്യം അറിയിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
നാടകീയമായ അട്ടിമറിയിലൂടെയാണ് 1970 ല്‍ ഹാഫിസ് അല്‍ അസദ് സിറിയയുടെ പ്രധാനമന്ത്രിപദത്തിലേക്കെത്തിയത്. പിന്നീട് പ്രസിഡന്റ് പദവിലെത്തിയ അദ്ദേഹം 2000 ല്‍ മരിക്കുന്നതുവരെ പ്രസിഡന്റായി അധികാരത്തില്‍ തുടര്‍ന്നു. തുടര്‍ന്നാണ് ബഷര്‍ അല്‍ അസദ് അധികാരത്തിലെത്തിയത്.
അസദ് രാജ്യം വിട്ടതിനെ തുടര്‍ന്ന് ദമാസ്‌കസിലും മറ്റ് പ്രധാനനഗരങ്ങളിലും ആഹ്‌ളാദപ്രകടനങ്ങള്‍ അരങ്ങേറുകയാണ്. വിമതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളും എല്ലായിടത്തും മുഴങ്ങുന്നുണ്ട്.
പ്രതിമകളുടെ ശിരസ്സ് തകര്‍ത്തും വലിച്ചിഴച്ചും പ്രതിമകളുടെ മുകളില്‍ കയറിയിരുന്നും ജനങ്ങള്‍ ആഘോഷിക്കുകയാണ്. ദമാസ്‌കസിലെ കുപ്രസിദ്ധമായ സെദ്‌നായ ജയിലിലെ മുഴുവന്‍ തടവുകാരേയും വിമതര്‍ മോചിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.