KeralaNews

ആലപ്പുഴയിൽ ഇന്ന്‌ സമാധാനയോഗം, മന്ത്രിമാരും യോഗത്തിനെത്തും

ആലപ്പുഴ: സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാൻ ആലപ്പുഴയിൽ സർവകക്ഷിയോഗം വിളിച്ച് ജില്ലാ കളക്ടർ. നാളെ വൈകിട്ട് മൂന്ന് മണിക്ക് ആലപ്പുഴ കലക്ട്രേറ്റിൽ വച്ചാണ് യോഗം നടക്കുക. മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. ജില്ലയിൽ നിരോധനാജ്ഞ തുടരുകയാണ്. സംസ്ഥാനത്തുടനീളം ജാഗ്രതാ നിർദ്ദേശം നിലനിൽക്കുകയാണ്. 

12 മണിക്കൂറിന്റെ ഇടവേളയിലാണ് ആലപ്പുഴയെ നടുക്കിയ രണ്ട് കൊലപാതകങ്ങൾ നടന്നത്. എസ്ഡിപിഐ (SDPI) സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിനു പിന്നാലെ സംഘർഷമുണ്ടാകാനുള്ള സാധ്യത തിരിച്ചറിയുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന വിമർശനവും ശക്തമാണ്. പൊലീസ് നടപടിയുണ്ടാകില്ലെന്ന ഉറപ്പിലാണ് പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് അക്രമം നടത്തുന്നതെന്ന് ബിജെപിയും കലാപത്തിന് ആർഎസ്എസ് ശ്രമിക്കുകയാണെന്ന് എസ്ഡിപിഐയും ആരോപിച്ചു.

ആലപ്പുഴ മണ്ണഞ്ചേരിയിൽ ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് എസ്ഡിപിഐ ആരോപണം.

ഞായറാഴ്ച രാവിലെ പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണം ഉണ്ടായത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍. നാല്‍പ്പത് വയസായിരുന്നു. 

രാഷ്ട്രീയ സംഘർഷങ്ങളുടെ കാലുഷ്യം താരതമ്യേന കുറഞ്ഞ ആലപ്പുഴ ജില്ല അവിശ്വസനീയതയോടെയാണ് ഇരു കൊലപാതക വാർത്തകളും കേട്ടത്. എസ്ഡിപിഐ നേതാവ് ഷാൻ  കഴിഞ്ഞ രാത്രി കൊല്ലപ്പെട്ടിട്ടും തുടർ സാഹചര്യങ്ങളെ ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ പൊലീസ് ശ്രമിച്ചില്ലെന്ന വിമർശനമാണ് ഉയരുന്നത്.  

എസ്ഡിപിഐയുടെ ആലപ്പുഴയിലെ പ്രധാന നേതാവായ ഷാനിന്റെ കൊലപാതക വാർത്ത പുറത്തു വന്നതിനു പിന്നാലെ പ്രത്യാക്രമണത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ആക്രമണ സാധ്യത തിരിച്ചറിയാൻ ഇന്റലിജൻസിനു കഴിഞ്ഞില്ല എന്നാണ് വിമർശനം. പൊലീസ് വിന്യാസം കൂടുതൽ ശക്തമാക്കിയിരുന്നെങ്കിൽ ആലപ്പുഴ നഗരമധ്യത്തിൽ ബിജെപി നേതാവിന്  നേരെയുണ്ടായ ആക്രമണമെങ്കിലും തടയാൻ കഴിയുമായിരുന്നു എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ഇൻ്റലിജൻസ് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഡിജിപി വിശദീകരണം. എന്നാൽ ജാഗ്രതാ നിർദ്ദേശം നിലനിൽക്കെയുള്ള നേതാക്കളുടെ കൊലപാതകം പൊലീസിന്‍റെ പാളിച്ചയാണ്. രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 50 പേർ കസ്റ്റഡിയിലുണ്ടെന്നാണ് ഐജി ഹർഷിത അട്ടല്ലൂരി മാധ്യമങ്ങളോട് പറഞ്ഞത്. ഇതിൽ ആർഎസ്എസ് പ്രവർത്തകരും, എസ്ഡിപിഐ പ്രവർത്തകരുമുണ്ട്. സംഭവത്തിൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker