കോട്ടയം. ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലൈൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) നൽകിയ സ്വീകരണച്ചടങ്ങിനെത്തിയ പി.സി.ജോർജിനെ എ.ഐ.വൈ.എഫ്. കരിങ്കൊടി കാട്ടി. പ്രതിരോധിക്കാൻ ക്രിസ്ത്യൻ അസോസിയേഷനും ഹിന്ദു ഐക്യവേദി ബി.ജെ.പി പ്രവർത്തകരും നിലയുറപ്പിതോടെ സംഘർഷാവസ്ഥയായി. ഇന്നലെ വൈകിട്ട് 5നായിരുന്നു സംഭവം.
ജോർജിന്റെ വാഹനം ശാസ്ത്രിറോഡിലേക്ക് കടക്കുമ്പോൾ ഒരു വിഭാഗം എ.ഐ.വൈ.എഫ്. പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പൊലീസ് ഇവരെ തടഞ്ഞതോടെ ഹാളിന് മുന്നിലുള്ള ഗേറ്റിൽ മറ്റൊരു സംഘമെത്തി കരിങ്കൊടി കാണിക്കുകയും വാഹനം തടയുകയും ചെയ്തു. ഇവരെയും പൊലീസ് നീക്കി. ഇതോടെ കാസയുടെയും ഹിന്ദു ഐക്യവേദിയുടെയും പ്രവർത്തകർ സംഘടിച്ച് എ.ഐ. വൈ.എഫിനെതിരെ പ്രതിഷേധിച്ചു. പൊലീസ് ഇരുകൂട്ടർക്കും ഇടയിൽ നിന്ന് കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കി. ഇതിനിടെ ഹാളിലേക്കുള്ള ഗേറ്റ് അടച്ചു. ഇതേച്ചൊല്ലി കാസ, ഹിന്ദുഐക്യവേദി പ്രവർത്തകരും പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. മുതിർന്ന നേതാക്കൾ ഇടപെട്ടാണ് സംഘർഷം ഒഴിവാക്കിയത്.
തുടർന്ന് നടന്ന യോഗത്തിൽ രാജ്യത്ത് ലവ് ജിഹാദുണ്ടെന്ന് പി.സി.ജോർജ് ആവർത്തിച്ചു. 40 പെൺകുട്ടികളെ താൻ ലൗ ജിഹാദ് കെണിയിൽ നിന്ന് രക്ഷിച്ചിട്ടുണ്ട്. ഇത് തന്റെ അനുഭവമാണ്. 17 പേരെ രാജ്യത്ത് തൂക്കിക്കൊല്ലാൻ വിധിച്ചവരിൽ രണ്ട് പേർ തന്റെ അയൽക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ബാബു, ബി.ജെ.പി. സംസ്ഥാന വക്താവ് എൻ.കെ.നാരായണൻ നമ്പൂതിരി, പാസ്റ്റർ അനിൽ കൊടിത്തോട്ടം,അഡ്വ. പി.പി.ജോസഫ്, കാസഡോ, കെവിൻ പീറ്റർ, ഫാ. ലൂക്ക് പൂതൃക്ക തുടങ്ങിയവർ സംസാരിച്ചു.