തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ പിസി ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം പ്രോസിക്യൂഷന്‍ ആലോചിക്കുന്നു. ജാമ്യം നല്‍കിയ കോടതി ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയ ശേഷമാകും തീരുമാനം. ചൊവ്വാഴ്ച പകര്‍പ്പ് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശേഷം ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് നീക്കം. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ അഭിപ്രായം തേടാനും തീരുമാനിച്ചു. പിസി ജോര്‍ജിന് ജാമ്യം നല്‍കുമ്പോള്‍ പ്രോസിക്യൂഷന്റെ ഭാഗം കോടതി കേട്ടില്ല എന്നാണ് ആക്ഷേപം. പ്രോസിക്യൂട്ടര്‍ എത്താത്തതിനാല്‍ പോലീസ് തന്നെയാണ് പ്രതിക്കെതിരെ ഹാജരായത്. എന്നാല്‍ കോടതി നിമിഷങ്ങള്‍ക്കകം പിസി ജോര്‍ജിന് ജാമ്യം നല്‍കുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് തിരുവവന്തപുരത്ത് നടന്ന പരിപാടിയില്‍ മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയതാണ് പിസി ജോര്‍ജിനെതിരായ കേസിന് കാരണം. നിരവധി സംഘടനകളും വ്യക്തികളും ജോര്‍ജിനെതിരെ പരാതി നല്‍കി. തുടര്‍ന്ന് കേസെടുത്ത ഫോര്‍ട്ട് പോലീസ് ഇന്ന് രാവിലെ അഞ്ച് മണിക്ക് പിസി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് വഞ്ചിയൂര്‍ കോടതിയില്‍ എത്തിച്ചു. സാധാരണ ഫോര്‍ട്ട് പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന ഇത്തരം കേസുകള്‍ കേള്‍ക്കുന്ന ജഡ്ജി അവധിയായതിനാല്‍ പകരമുള്ള ജഡ്ജിയുടെ വീട്ടിലാണ് പിസി ജോര്‍ജിനെ ഹാജരാക്കിയത്. കേരളം ഏറെ ചര്‍ച്ച ചെയ്ത കേസായിട്ടും പ്രോസിക്യൂട്ടര്‍ ഹാജരാകാത്തത് ഒത്തുകളിയുടെ ഭാഗമാണെന്ന വിമര്‍ശനവും ഉയര്‍ന്നു.
പോലീസ് ആവശ്യപ്പെട്ടിട്ടും പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതാണ് സംശയത്തിന് ഇടയാക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ പ്രതിയെ റിമാന്റ് ചെയ്യുകയും പ്രോസിക്യൂഷന്റെ അഭിപ്രായം കേള്‍ക്കാന്‍ കോടതി പ്രത്യേകം തയ്യാറാകുകയും ചെയ്യാറുണ്ടെന്നാണ് പ്രോസിക്യൂട്ടര്‍ പറയുന്നത്. ഈ നടപടികള്‍ പിസി ജോര്‍ജിന്റെ കേസിലുണ്ടായില്ലെന്നും അവര്‍ പറയുന്നു. പ്രോസിക്യൂട്ടറുടെ ഈ വാദം ഉന്നത ഉദ്യോഗസ്ഥര്‍ തള്ളുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട കേസില്‍ അവധി ദിനമാണെങ്കില്‍ പോലും പ്രോസിക്യൂട്ടര്‍ ഹാജരാകണമായിരുന്നുവെന്നും പോലീസ് ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തത് വീഴ്ചയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
അപ്പീല്‍ നല്‍കിയാലുള്ള സാധ്യതകള്‍ സംബന്ധിച്ച് പോലീസ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് അഭിപ്രായം ആരായും. വിധി പകര്‍പ്പ് കിട്ടിയ ശേഷമാകും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഇക്കാര്യം പരിശോധിക്കുക. ശേഷം പ്രതികരണം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിക്കും. തുടര്‍ന്നാകും ജില്ലാ കോടതിയിലോ ഹൈക്കോടതിയിലോ അപ്പീല്‍ സമര്‍പ്പിക്കുക.
പിസി ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത ശേഷം സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചു. വഴിയില്‍ ഹോട്ടലില്‍ കയറാന്‍ അവസരം നല്‍കി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിട്ടും കോടതിയില്‍ ഹാജരാക്കിയ ഉടനെ ജാമ്യം കിട്ടി. പ്രോസിക്യൂട്ടര്‍ ഹാജരായില്ല. ജാമ്യം കിട്ടിയ ഉടനെ തന്റെ പ്രസംഗത്തില്‍ ഉറച്ച് നില്‍ക്കുന്നു എന്ന് പിസി ജോര്‍ജ് പറയുകയും ചെയ്തു. ഇതെല്ലാം സംശയമുളവാക്കുന്നതാണ് എന്ന് പരാതിക്കാരനായ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറയുന്നു.