കൊച്ചി: പാലാരിവട്ടത്തെ വിദ്വേഷപ്രസംഗ കേസില്‍ പി.സി. ജോര്‍ജ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ശനിയാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെയാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നത്. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കുമെന്നാണ് സൂചന.
പാലാരിവട്ടത്തെ കേസില്‍ പി.സി. ജോര്‍ജിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരത്തെ കേസില്‍ പി.സി. ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരേ പോലീസ് കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീലിലെ ഉത്തരവ് അറിഞ്ഞ ശേഷമായിരിക്കും കൂടുതല്‍ നടപടികളിലേക്ക് കടക്കുകയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. പാലാരിവട്ടത്തെ കേസില്‍ പി.സി. ജോര്‍ജിനെതിരേ ശക്തമായ തെളിവുകളുണ്ടെന്നും അന്വേഷണം ഏകദേശം പൂര്‍ത്തീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പി.സി. ജോര്‍ജിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ നാടകമായിരുന്നുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. പുലര്‍ച്ചെ അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്ന് അറസ്റ്റ് ചെയ്‌തെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു. ശേഷം സ്വന്തം കാറില്‍ മകനൊപ്പം സഞ്ചരിക്കാന്‍ അനുവദിക്കുകയും വഴിയിലുടനീളം സംഘപരിവാറുകാരുടെ സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്തു. എന്നാല്‍ കേസ് കോടതിയില്‍ എത്തിയപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അപ്രത്യക്ഷനായി. കൊടുത്ത എഫ്.ഐ.ആറില്‍ കേസുമായി ബന്ധപ്പെട്ട ഒന്നുമില്ലെന്ന് മജിസ്‌ട്രേറ്റ് തന്നെ പറഞ്ഞു. ഇതെല്ലാം അറസ്റ്റ് നാടകമാണെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസിന് പിന്നാലെയാണ് എറണാകുളം പാലാരിവട്ടം പോലീസും പി.സി.ജോര്‍ജിനെതിരേ സമാന കേസ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരത്തെ കേസില്‍ പി.സി. ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ പി.സി. ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരേ പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്.