കണ്ണൂർ: സംസ്ഥാനത്ത് രണ്ടാം വന്ദേ ഭാരതും സർവീസ് ആരംഭിച്ചതോടെ കൂടുതൽ സ്റ്റോപ്പുകൾ വേണമെന്ന ആവശ്യവുമായി ജനപ്രതിനിധികൾ രംഗത്ത്. പയ്യന്നൂരിൽ വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ടിഐ മധുസൂദനൻ എംഎൽഎ റെയിൽവേ മന്ത്രി മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി.
ഏഴിമല നാവിക അക്കാദമിയും പെരിങ്ങോം സിആർപിഎഫ് കേന്ദ്രവും ഉൾപ്പെടെയുള്ള പ്രദേശത്ത് സ്റ്റോപ്പ് അനിവാര്യമാണെന്നാണ് എംഎൽഎ പറയുന്നത്. നേരത്തെ തലശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് തലശേരി എംഎൽഎയും സ്പീക്കറുമായ എഎൻ ഷംസീറും റെയിൽവേ മന്ത്രിക്ക് കത്തയച്ചിരുന്നു. കായംകുളത്ത് സ്റ്റോപ്പ് വേണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
കണ്ണൂരിനും കാസർകോടിനും ഇടയിലുള്ള പ്രധാന സ്റ്റേഷനാണ് പയ്യന്നൂർ. രണ്ടു ജില്ലാ കേന്ദ്രങ്ങളിൽ നിന്നും നാൽപ്പത് കിലോമീറ്ററിലധികം ദൂരമുണ്ട് ഇവിടേക്ക്. ജില്ലാ ആസ്ഥാനത്തിലുള്ള സ്റ്റേഷൻ കഴിഞ്ഞാൽ വരുമാനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സ്റ്റേഷനുമാണിത് ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എംഎൽഎ റെയിൽവേ മന്ത്രിക്ക് കത്തയച്ചത്.
‘ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി സ്ഥിതി ചെയ്യുന്ന ഏഴിമല ,പെരിങ്ങോം സിആർപിഎഫ് കേന്ദ്രം, തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഏഴിമല മഖാം, പുളിങ്ങോം മഖാം തുടങ്ങിയ നിരവധി ആരാധനാലയങ്ങൾ, കവ്വായി, തിരുനെറ്റി കല്ല് കേരളത്തിലെ ഏക റാഫ്റ്റിംഗ് കേന്ദ്രമായ ചെറുപുഴ പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളടക്കം പയ്യന്നൂരിന്‍റെറ പരിസരങ്ങളിലുണ്ട്. വന്ദേ ഭാരതിന് സ്റ്റോപ്പ് ലഭിക്കുകയാണെങ്കിൽ ഇത്തരം കേന്ദ്രങ്ങളുടെ സമഗ്ര വികസനത്തിന് വഴിതുറക്കും.’ എംഎൽഎ പറയുന്നു.
കോടിയേരിയിൽ സ്ഥിതിചെയ്യുന്ന മലബാർ കാൻസർ സെന്‍ററിനടുത്തുള്ള റെയിൽവേ സ്റ്റേഷൻ എന്നത് ചൂണ്ടിക്കാട്ടിയാണ് തലശേരരിയിൽ വന്ദേ ഭാരതിന് സ്റ്റോപ്പ് വേണമെന്ന ആവശ്യം സ്പീക്കർ എഎൻ ഷംസീർ മുന്നോട്ടുവെക്കുന്നത്. ഒരു ലക്ഷത്തോളം രോഗികൾ പ്രതിവർഷം മലബാർ കാൻസർ സെന്‍ററിൽ എത്തുന്നുണ്ട്. തലശേരിയിൽ സ്റ്റോപ്പ് അനുവദിച്ചാൽ ഈ രോഗികൾക്ക് വലിയ ആശ്വാസമാകും. ഇക്കാര്യം കണക്കിലെടുത്ത്, രണ്ടാം വന്ദേ ഭാരത് ട്രെയിനിന് തലശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് റെയിൽവേയ്ക്ക് അയച്ച കത്തിൽ സ്പീക്കർ ആവശ്യപ്പെടുന്നത്.
സംസ്ഥാനത്ത് സർവീസ് നടത്തുന്ന പണ്ട് വന്ദേ ഭാരത് ട്രെയിനുകളും കടന്നുപോകുന്ന കായംകുളം സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി കോൺഗ്രസാണ് റെയിൽവേ മന്ത്രിക്ക് നിവേദനം നൽകിയത്. കേരള കോൺഗ്രസ് (എം) മണ്ഢലം നേതൃത്വവും കായംകുളത്ത് സ്റ്റോപ്പ് വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.