പട്ടണക്കാട് ഗവണ്‍മെന്റ് സ്‌കൂളിലെ ഉച്ചഭക്ഷണ മെനു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു
ചേര്‍ത്തല: പട്ടണക്കാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഉച്ചഭക്ഷണ മെനു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. സ്‌കൂളിലെ അധ്യാപകനായ ദിനേശ് കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച ഉച്ചഭക്ഷണ മെനുവാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നിരവധി പേരാണ് അധ്യാപകന്റെ പോസ്റ്റ് കണ്ട് സ്‌കൂളിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഈ സമയത്ത് ജനിച്ചാല്‍ മതിയായിരുന്നു, മിച്ചം വന്നാല്‍ വിളിക്കണേ, ഉച്ചയൂണ് സ്‌കൂളിലേക്ക് മാറ്റിയാലോ അങ്ങനെ പോകുന്നു കമന്റുകള്‍.
ഗവണ്‍മെന്റില്‍ നിന്ന് ലഭിക്കുന്ന പരിമിതമായ തുക ഉപയോഗിച്ച് പ്രവര്‍ത്തി ദിവസങ്ങളായ തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് സ്‌കൂളില്‍ വിഭവസമൃദ്ധമായ ഉച്ചയൂണ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്നത്. ഉച്ചയ്ക്ക് ചോറിനൊപ്പം ഓരോ ദിവസവും വ്യത്യസ്തങ്ങളായ കറികളാണെന്നതാണ് മറ്റൊരു പ്രത്യേകത. ഊണിനൊപ്പം ഏറ്റവും കുറഞ്ഞത് ഒരു ദിവസം മൂന്ന് തരം കറികള്‍ ഉണ്ടാകും. കൂടാതെ ആഴ്ചയില്‍ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയുമുണ്ട്.
വീട്ടില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ രുചികരമാണ് സ്‌കൂളിലെ ഉച്ചയൂണെന്ന് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പറയുന്നു. ദിവസേന 700ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചയൂണ് നല്‍കുന്നുണ്ടെന്ന് അധ്യാപകന്‍ ദിനേശ് കുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. അഞ്ചു മുതല്‍ എട്ടുവരെ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ ഉച്ചയൂണ് വിതരമെങ്കിലും ഉച്ചഭക്ഷണം കൊണ്ടുവരാതിരിക്കുന്ന ഉയര്‍ന്ന ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ നിന്ന് ഭക്ഷണം നല്‍കാറുണ്ട്.