പത്തനംതിട്ട: കൂടുതല്‍ കുട്ടികളുണ്ടാകുന്ന ദമ്പതികള്‍ക്ക് മാസം 1500 രൂപയും മറ്റ് സഹായവും നല്‍കുമെന്നറിയിച്ച പാലാ രൂപതയുടെ വഴിയെ പത്തനംതിട്ട രൂപതയും. സീറോ മലങ്കര കത്തോലിക്കാസഭയുടെ പത്തനംതിട്ട രൂപത നാലോ അതിലധികമോ കുട്ടികളുള്ള കുടുംബത്തിന് പ്രതിമാസം 2000 രൂപ നല്‍കും.
നാലാമത്തെ കുഞ്ഞിന്റെ ജനനം മുതല്‍ സാമ്പത്തിക സഹായമായി പ്രസവ ചിലവിന് ആവശ്യമെങ്കില്‍ പണം നല്‍കും. ഇങ്ങനെയുളള കുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് സഭാസ്ഥാപനങ്ങളില്‍ ജോലിക്ക് മുന്‍ഗണന നല്‍കുമെന്നും ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിക്കുന്നുണ്ട്.
ഇത്തരം കുടുംബങ്ങളെ അദ്ധ്യാത്മികമായി നയിക്കാന്‍ ഒരു വൈദികനെയും കന്യാസ്ത്രീയെയും ഏര്‍പ്പെടുത്തും. രണ്ടായിരത്തിന് ശേഷം വിവാഹിതരാ. ദമ്പതികള്‍ക്കാണ് ഇങ്ങനെ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ ദമ്പതികളെ ഒരുക്കാനുളള പ്രോത്സാഹനമാണ് സര്‍ക്കുലറെന്ന് ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ് പറഞ്ഞു. ഇത്തരം കുടുംബങ്ങളിലെ കുട്ടികള്‍ക്ക് രൂപത സ്‌കൂളുകളില്‍ അഡ്മിഷന് മുന്‍ഗണനയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.