യാത്രക്കാർ പണം നൽകിയില്ല; ട്രെയിനിനുള്ളിൽ പാമ്പാട്ടികൾ പാമ്പുകളെ തുറന്ന് വിട്ടതായി ആരോപണം
ലഖ്‌നൗ:ഹൗറയിൽ നിന്ന് ഗ്വാളിയോറിലേക്കുള്ള ചമ്പൽ എക്‌സ്‌പ്രസിൽ ജനറൽ കോച്ചിൽ കയറിയ പാമ്പാട്ടികൾ പാമ്പുകളെ ട്രെയിനിന്റെ കോച്ചിനകത്ത് തുറന്നു വിട്ടതായി ആരോപണം. അഞ്ചു പാമ്പുകളെയാണ് ട്രെയിനിനുള്ളിലെ ഒരു കോച്ചിലേക്ക് ഇവർ തുറന്നു വിട്ടത് എന്നാണ് പറയുന്നത്.
പാമ്പുകളെ പ്രദർശിപ്പിച്ച് പണം ചോദിച്ചപ്പോൾ ചില യാത്രക്കാർ സംഭാവന നൽകാൻ മടിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത് എന്ന് പറയുന്നു. തുടർന്ന് യാത്രക്കാരെ ഭയപ്പെടുത്തുന്നതിന് വേണ്ടി കൂടകളിൽ സൂക്ഷിച്ചിരുന്ന പാമ്പുകളെ ഇവർ കോച്ചിനുള്ളിലേക്ക് തുറന്നു വിടുകയായിരുന്നുവത്രെ. ഉത്തർപ്രദേശിലെ മഹോബയ്ക്ക് സമീപം ട്രെയിൻ എത്തിയപ്പോഴാണ് സംഭവം.
ആളുകൾ പരിഭ്രാന്തരായതോടെ യാത്രക്കാരിൽ ചിലർ റെയിൽവേ കൺട്രോളർ റൂമിൽ വിവരമറിയിച്ചു. എന്നാൽ, ട്രെയിൻ തൊട്ടടുത്ത സ്റ്റേഷനിൽ എത്തുന്നതിനു മുൻപായി പാമ്പാട്ടികൾ ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ടു എന്നും പറയുന്നു. തുറന്നുവിട്ട പാമ്പുകളെ ഒന്നും പിടികൂടാതെയാണ് ഇവർ ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ടത്. തൊട്ടടുത്ത സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ യാത്രക്കാരുടെ പരാതിയെ തുടർന്ന് റെയിൽവേ ജീവനക്കാർ കോച്ചിനുള്ളിൽ കയറി പരിശോധന നടത്തിയെങ്കിലും പാമ്പുകളെ ഒന്നും കണ്ടെത്താനായില്ല.
യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തി ആ കൊച്ചിലെ മുഴുവൻ യാത്രക്കാരെയും മറ്റൊരു കോച്ചിലേക്ക് മാറ്റിയതിനുശേഷം ആണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്. തിരിച്ചറിഞ്ഞിട്ടില്ലാത്ത ഈ പാമ്പാട്ടികൾക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇവർക്കായുള്ള തിരച്ചിൽ ആരംഭിച്ചതായാണ് റെയിൽവേ പൊലീസ് നൽകുന്ന വിവരം. എന്നാൽ, ഇതുവഴിയുള്ള ട്രെയിൻ യാത്രയിൽ ഇത് നിത്യ സംഭവമാണെന്നാണ് യാത്രക്കാർ പറയുന്നത്. മുമ്പും സമാന രീതിയിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിരവധി സംഭവങ്ങൾ ചമ്പൽ എക്സ്പ്രസിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.