KeralaNews

ബെംഗളൂരുവില്‍ എത്തിയത് കാറില്‍,സ്വപ്ന സുരേഷിന്റെ പക്കല്‍ നിന്ന് പാസ്‌പോര്‍ട്ടും മൊബൈല്‍ഫോണും രണ്ടരലക്ഷം രൂപയും പിടിച്ചെടുത്തു

ബെംഗലൂരു: സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ പിടിയിലായ സ്വപ്‌ന സുരേഷും സന്ദീപും ബെംഗളൂരുവില്‍ എത്തിയത് കാറില്‍. രണ്ടുദിവസം മുമ്പാണ് ഇവര്‍ ബെംഗളൂരുവില്‍ എത്തിയത്. സന്ദീപാണ് കാറോടിച്ചിരുന്നത്. ഇവരുടെ കൂടെ സ്വപ്‌നയുടെ ഭര്‍ത്താവും മക്കളും ഒപ്പമുണ്ടായിരുന്നതായാണ് വിവരം. യാത്രാമധ്യേ പലയിടങ്ങളിലും ഇവര്‍ താമസിച്ചിരുന്നു. ബെംഗളൂരുവില്‍ ആദ്യം താമസിച്ചത് ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ്. പിന്നീട് കോറമംഗലയിലെ ഒക്ടേവ് ഹോട്ടലിലേക്ക് മാറി. പാസ്‌പോര്‍ട്ടുകളും മൊബൈലുകളും 2.5 ലക്ഷം രൂപയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ബെംഗളൂരുവില്‍ നിന്ന് പ്രതികള്‍ രാജ്യം വിടാന്‍ പദ്ധതിയിട്ടെന്ന് സൂചനയുണ്ട്.

പ്രതികളുമായി എന്‍ഐഎ സംഘം ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. സ്വപ്‌നയെയും സന്ദീപിനെയും ഇന്ന് രാവിലെയോടെ കൊച്ചിയിലെത്തിക്കും എന്നാണ് ഇന്നലെ അറിയിച്ചിരുന്നത്. എന്നാല്‍ ഇവരുടെ സുരക്ഷയും ബെംഗളൂരുവിലെ രാത്രി യാത്രാ നിയന്ത്രണവും കണക്കിലെടുത്ത് രാത്രിയിലെ യാത്ര ഒഴിവാക്കുകയായിരുന്നു. പ്രതികളെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും. തുടര്‍ന്ന് ഇവരെ കൊവിഡ് പരിശോധനയ്ക്കടക്കം വിധേയരാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ പരമാവധി സമയം കസ്റ്റഡിയില്‍ വെച്ചശേഷം കോടതിയില്‍ ഹാജരാക്കാനായിരിക്കും അന്വേഷണ സംഘത്തിന്റെ നീക്കം.

സന്ദീപ് സഹോദരനെ വിളിച്ചതാണ് എന്‍ഐഎ സംഘത്തിന് പ്രതികളിലേക്കെത്താന്‍ നിര്‍ണ്ണായക സഹായമായത്. തിരുവനന്തപുരത്ത് സന്ദീപിന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെ, സന്ദീപിന്റെ സഹോദരന്റെ ഫോണിലേക്ക് കോള്‍ വരുകയായിരുന്നു. അഭിഭാഷകന്റെ അടുത്തേക്ക് പോകാനായിരുന്നു സന്ദീപിന്റെ നിര്‍ദ്ദേശം. ഇതാണ് പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായത്. വിവരം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എന്‍ഐഎയെയും കേരള പൊലീസിനെയും അറിയിച്ചു. പിന്നീട് പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തി. പ്രതികള്‍ ബെംഗലൂരുവിലാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റിലേക്ക് വഴിതെളിഞ്ഞത്. പ്രതികള്‍ പിടിയിലാകുമ്പോള്‍ സ്വപ്നയ്‌ക്കൊപ്പം കുടുംബവും ഉണ്ടായിരുന്നു എന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button