ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പകരം കൊണ്ടുവന്ന ഭാരതീയ ശിക്ഷ നിയമത്തില്‍ വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കാന്‍ പാര്‍ലമെന്ററി സമിതി കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രലായവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതിയുടേതാണ് ശുപാര്‍ശ. എന്നാല്‍, സമിതി അംഗമായ മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം ശുപാര്‍ശയോട് വിയോജിപ്പ് രേഖപ്പെടുത്തി.
വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കിയിരുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ലിംഗ സമത്വം ഉറപ്പാക്കി ഈ വ്യവസ്ഥ ഭാരതീയ ശിക്ഷാ നിയമത്തില്‍ ഉള്‍പ്പെടുത്തണം എന്നാണ് പാര്‍ലമെന്ററി സമിതി കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിവാഹിതയായ സ്ത്രീയും മറ്റൊരു പുരുഷനും തമ്മില്‍ ബന്ധം ഉണ്ടായാല്‍ അതില്‍ പുരുഷനെ ശിക്ഷിക്കാന്‍ മാത്രമേ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497-ാം വകുപ്പില്‍ വ്യവസ്ഥ ഉണ്ടായിരുന്നുള്ളു. എന്നാല്‍ വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീക്കും, പുരുഷനും ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ പുതിയ നിയമത്തില്‍ ഉണ്ടാകണമെന്ന ശുപാര്‍ശ ആണ് പാര്‍ലമെന്ററി സമിതി കേന്ദ്രത്തിന് കൈമാറിയിരുന്നത്.
ലിംഗ സമത്വം ഉറപ്പാക്കിയാണെങ്കില്‍ പോലും വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമാക്കുന്നതിനെ ചിദംബരം എതിര്‍ത്തു. സുപ്രീം കോടതി വിധി മറികടക്കുന്ന വ്യവസ്ഥ നിയമത്തില്‍ ഉള്‍പെടുത്തരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിയോജിപ്പ് എന്നാണ് സൂചന. അതേസമയം വിവാഹം പരിശുദ്ധമാണെന്നും അതിനാല്‍ അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും സമിതിയിലെ ഭൂരിപക്ഷ അംഗങ്ങളും നിലപാട് സ്വീകരിച്ചു.
ഉഭയസമ്മതമില്ലാത്ത സ്വവര്‍ഗ രതി കുറ്റകരമായികാണാമെന്ന് സമിതി
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയതിനുശേഷവും ഉഭയ സമ്മത പ്രകാരം അല്ലാത്ത സ്വവര്‍ഗ്ഗ രതിയില്‍ ഏര്‍പെട്ടവര്‍ക്കെതിരെ നടപടി എടുത്തിരുന്നു. എന്നാല്‍ ഭാരതീയ ശിക്ഷാ നിയമത്തില്‍ ഉഭയ സമ്മത പ്രകാരം അല്ലാത്ത സ്വവര്‍ഗ്ഗ രതിയില്‍ ഏര്‍പെടുന്നവര്‍ക്കെതിരെ പോലും നടപടി എടുക്കാന്‍ വ്യവസ്ഥയില്ല.
ഈ പോരായ്മ പരിഹരിക്കണമെന്ന് രാജ്യസഭാ അംഗവും, ബിജെപി നേതാവുമായ ബ്രിജ് ലാലിന്റെ അധ്യക്ഷതയിലുള്ള പാര്‍ലമെന്ററി സമിതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പോരായ്മ പരിഹരിച്ചില്ലെങ്കില്‍ ബലപ്രയോഗത്തിലൂടെയുള്ള സ്വവര്‍ഗ രതി നടത്തുന്നവര്‍ ശിക്ഷിക്കപ്പെടാതെ പോകും എന്നും സമിതി കേന്ദ്രത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ കേന്ദ്രത്തിന് അംഗീകരിക്കുകയോ, നിരാകരിക്കുകയോ ചെയ്യാം.