65 രൂപയുടെ മട്ടണ്‍ ബിരിയാണിയ്ക്ക് ഇനി 150 രൂപ, വെജിറ്റബിള്‍ ഊണിന് 100 രൂപ; പാര്‍ലമെന്റ് കാന്റീനിലെ വിഭവങ്ങള്‍ക്ക് ഇനി വിലക്കുറവില്ല
ന്യൂഡല്‍ഹി: പാര്‍ലമെന്റ് കാന്റീനില്‍ ഇനി ഭക്ഷ്യവസ്തുക്കള്‍ക്ക് വിലക്കുറവില്ല. 65 രൂപയ്ക്ക് ലഭിച്ചിരുന്ന ഹൈദരാബാദി മട്ടണ്‍ ബിരിയാണിക്ക് ഇനി 150 രൂപ നല്‍കേണ്ടി വരും. സബ്‌സിഡി നിര്‍ത്തലാക്കിയതോടെയാണ് വിലക്കുറവിലും മാറ്റം വന്നിരിക്കുന്നത്. പാര്‍ലമെന്റ് കാന്റീനിലെ വിഭവങ്ങളുടെ ഈ ആഴ്ച പ്രഖ്യാപിച്ച വില വിപണി വിലയുമായി ചേര്‍ന്നുനില്‍ക്കുന്നതാണ്.
പുതുക്കിയ വില പ്രകാരം റൊട്ടിക്ക് മൂന്നുരൂപയും വെജിറ്റേറിയന്‍ ഊണിന് 100 രൂപയും നോണ്‍വെജിറ്റേറിയന്‍ ലഞ്ച് ബുഫേക്ക് 700 രൂപയും നല്‍കേണ്ടി വരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. പാര്‍ലമെന്റ് കാന്റീന് നല്‍കി വന്ന സബ്സിഡി നിര്‍ത്തലാക്കുമെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
പാര്‍ലമെന്റ് സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുന്നതിനിടയിലാണ് സബ്സിഡി നിര്‍ത്തലാക്കുന്ന കാര്യം സ്പീക്കര്‍ അറിയിച്ചത്. സബ്സിഡി നിര്‍ത്തലാക്കുന്നതോടെ സാമ്പത്തിക ചെലവ് എത്രത്തോളം കുറയുമെന്നത് സംബന്ധിച്ച് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നില്ല.