ലൈംഗിക തൊഴിലിന് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചു, പലര്‍ക്കും കാഴ്ചവെച്ചു; മലപ്പുറത്ത് ഏഴാം ക്ലാസുകാരിയുടെ തുറന്ന് പറച്ചില്‍ കേട്ട് ഞെട്ടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍
മലപ്പുറം: മതാപിതാക്കള്‍ ലൈംഗിക തൊഴിലിന് നിര്‍ബന്ധിച്ചെന്ന പരാതിയുമായി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി. സ്‌കൂളില്‍ കൗണ്‍സിലിങ്ങിനെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 12കാരി നിരവധി തവണ പീഡനത്തിനു ഇരയായതായി ദി ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. താന്‍ എത്രതവണ ചൂഷണം ചെയ്യപ്പെട്ടുവെന്ന് കുട്ടിക്ക് വ്യക്തതയില്ലെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു. കുട്ടി ബലാത്സംഗത്തിനിരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു.
സ്‌കൂള്‍ പിടിഎയിലെ ചിലരാണ് കുട്ടിയുടെ വീട്ടില്‍ അസ്വാഭാവികമായി പലതും നടക്കുന്നുവെന്ന് സ്‌കൂളില്‍ അറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ അധ്യാപകര്‍ നിരീക്ഷിച്ച് വരികയായിരുന്നു. പല ദിവസങ്ങളിലും കുട്ടി സ്‌കൂളില്‍ വന്നിരുന്നില്ല. ഇതോടെ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. അച്ഛന്റെ സുഹൃത്തുക്കള്‍ തന്നോട് മോശമായി പെരുമാറിയെന്ന് കുട്ടി വെളിപ്പെടുത്തി. ലൈംഗിക വൃത്തിക്ക് കുട്ടിയെ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും കുട്ടി വ്യക്തമാക്കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടിയുടെ കുടുംബം ഇത്തരത്തിലാണ് പണം കണ്ടെത്തിയിരുന്നതെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.
തന്നെ ഒന്നിലധികം പേര്‍ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് കുട്ടി പറയുന്നു. എന്നാല്‍ രണ്ട് പേരുടെ പേര് മാത്രമാണ് കുട്ടി തുറന്ന് പറഞ്ഞത്. ഇവരേയും കുട്ടിയുടെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പിതാവ് കുട്ടിയുടെ ആരോപണം നിഷേധിച്ചുവെന്ന് പോലീസ് പറയുന്നു. കുട്ടിയുടെ പിതാവിനെ കൂടാതെ ഷൈജു കറപ്പന്‍ (38), അഷ്റഫ് മുഹമ്മദ് കുട്ടി (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.