KeralaNews

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: ദമ്പതിമാർ കൗൺസിലിങ്ങിന് വിധേയമാകണമെന്ന് കോടതി,തീരുമാനം പിന്നീട്

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലും പരാതിക്കാരിയായ ഭാര്യയും ഹൈക്കോടതിയില്‍ ഹാജരായി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു. തുടര്‍ന്ന് ദമ്പതിമാരെ കൗണ്‍സിലിങ്ങിന് വിധേയമാക്കാന്‍ കോടതി ഉത്തരവിട്ടു. ഇതിനായി കെല്‍സയെയും ചുമതലപ്പെടുത്തി.

ആരുടെയും നിര്‍ബന്ധപ്രകാരമല്ല പരാതി പിന്‍വലിക്കുന്നതെന്ന് യുവതി കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് രണ്ടുപേരോടും കൗണ്‍സിലിങ്ങിന് വിധേയമാകാന്‍ കോടതി ആവശ്യപ്പെട്ടത്. അടുത്ത ആഴ്ച സീല്‍ഡ് കവറില്‍ കൗണ്‍സിലിങ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. കൗണ്‍സിലിങ്ങിന് ശേഷമുള്ള റിപ്പോര്‍ട്ട് പരിഗണിച്ച് തീരുമാനമെടുക്കാമെന്നും കേസ് റദ്ദാക്കുന്ന കാര്യവും അതിനുശേഷം തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.

പരാതിയിലുള്ള ആരോപണം ഗൗരവതരമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാല്‍, അവര്‍ ഒരുമിക്കാന്‍ തീരുമാനിച്ചാല്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നും കോടതി പറഞ്ഞു. ഓഗസ്റ്റ് 21 വരെ ഹര്‍ജിക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കൊലപാതകശ്രമം, ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ രാഹുല്‍ പി. ഗോപാല്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളാണുള്ളത്. രാഹുലിന്റെ അമ്മയും സഹോദരിയുമാണ് രണ്ടും മൂന്നും പ്രതികള്‍. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും സിവില്‍ പോലീസ് ഓഫീസര്‍ ശരത് ലാല്‍ അഞ്ചാം പ്രതിയുമാണ്.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭാര്യയുമായുള്ള എല്ലാപ്രശ്നങ്ങളും പരിഹരിച്ചെന്നും തെറ്റിദ്ധാരണ നീങ്ങിയെന്നും വ്യക്തമാക്കിയാണ് കേസ് റദ്ദാക്കാന്‍ രാഹുല്‍ ഹര്‍ജി സമര്‍പ്പിച്ചത്. പരാതിക്കാരിയായ രാഹുലിന്റെ ഭാര്യയും ഇതുസംബന്ധിച്ച് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പരാതിക്കാരിയായ യുവതി ഭര്‍ത്താവായ രാഹുലിനെതിരേ ആദ്യം ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. രാഹുല്‍ കഴുത്തില്‍ വയര്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചെന്നും ക്രൂരമായി മര്‍ദിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി. ‘അടുക്കള കാണല്‍’ ചടങ്ങിന് പോയസമയത്താണ് മര്‍ദനമേറ്റ വിവരമറിഞ്ഞതെന്നും തുടര്‍ന്നാണ് പോലീസിനെ സമീപിച്ചതെന്നും യുവതിയുടെ വീട്ടുകാരും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, സംഭവം നടന്ന് ഒരുമാസം തികയുംമുന്‍പേ പരാതിക്കാരി താന്‍ നേരത്തെ ഉന്നയിച്ച പരാതിയില്‍നിന്ന് പിന്മാറി.

നേരത്തെ പറഞ്ഞതെല്ലാം കള്ളമാണെന്നും പോലീസിനോടും മാധ്യമങ്ങളോടും കുറെയധികം നുണ പറയേണ്ടി വന്നെന്നും അതില്‍ കുറ്റബോധം തോന്നുന്നതായും യുവതി പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിലാണ് ഭര്‍ത്താവ് രാഹുല്‍ തന്നെ മര്‍ദിച്ചതെന്നതടക്കം കള്ളമാണെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയെല്ലാം പറഞ്ഞതെന്നും യുവതി സ്വന്തം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. രാഹുലിനൊപ്പം ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹമെന്നും കേസ് ഒഴിവാക്കണമെന്നും യുവതി പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker