KeralaNews

അണിനിരന്ന് ആയിരങ്ങൾ! പലസ്തീൻ ഐക്യദാർഢ്യറാലി ശക്തി പ്രകടനമാക്കി മുസ്ലിം ലീഗ്; വേദിയിൽ സമസ്ത നേതാക്കളും

കോഴിക്കോട്: സമസ്തയുമായി ഇടഞ്ഞു നിൽക്കുമ്പോഴും പലസ്തീൻ ഐക്യദാർഢ്യറാലി ശക്തി പ്രകടനമാക്കി മുസ്ലിം ലീഗ്. ലീഗ് പ്രവർത്തകർ മാത്രം പങ്കെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പ്രഖ്യാപിച്ച റാലിയിൽ സമസ്ത നേതാക്കളായ ഹമീദലി തങ്ങളും നാസർ ഫൈസി കൂടത്തായിയും പങ്കെടുത്തത് ലീഗിന് നേട്ടമായി.

സമസ്ത പിന്തുണച്ചില്ലെങ്കിലും ലീഗിന് സ്വന്തമായി രാഷ്ട്രീയ അസ്ഥിത്വമുണ്ടെന്നും ലീഗ് പ്രവർത്തകർ മാത്രം പങ്കെടുത്താലും ജനസാഗരം നിറയുമെന്നും പിഎംഎ സലാം പ്രഖ്യാപിച്ചത് റാലി നടക്കുന്ന ദിവസം രാവിലെയാണ്. പാണക്കാട് നിന്നുള്ള ആഹ്വാനം ശിരസ്സാവഹിച്ച് ജനലക്ഷം കോഴിക്കോട് കടൽതീരത്ത് അണിനിരന്നു. കൂട്ടത്തിൽ സമസ്തയുടെ നേതാക്കളും പ്രവർത്തകരുമുണ്ടായിരുന്നു. ലീഗ് സംസ്ഥാന ഭാരവാഹികൾക്ക് മാത്രം ഇരിപ്പിടമുണ്ടായിരുന്ന വേദിയിൽ ഹമീദലി തങ്ങളും നാസർ ഫൈസി കൂടത്തായിയും ഇരിപ്പുറപ്പിച്ചു. സമ്മേളനത്തിൽ സമസ്ത നേതാക്കളെ പ്രത്യേകം സ്വാഗതം ചെയ്യാനും പിഎംഎ സലാം മറന്നില്ല.

ലീഗ് സമസ്ത ബന്ധം കലക്കാൻ ശ്രമിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് എം കെ മുനീർ വേദിയിൽ പ്രതികരിച്ചു. സമസ്ത മതസംഘടനയും ലീഗ് രാഷ്ട്രീയ പ്രസ്ഥാനവുമാണെന്നും ലീഗിന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തുമ്പോഴാണ് പ്രശ്നങ്ങളെന്നും എം കെ മുനീറും പറഞ്ഞു. സമുദായത്തിന്റെ വൈകാരിക വിഷയമായ പലസ്തീൻ പ്രശ്നത്തിൽ മഹാറാലി സംഘടിപ്പിച്ച് ലീഗ് അതിന്റെ രാഷ്ട്രീയ അസ്തിത്വം ഒരിക്കൽ കൂടി ഉറപ്പിക്കുകയായിരുന്നെന്നാണ് വിലയിരുത്തൽ.

പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാറാലിയെ പ്രശംസിച്ച് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂർ. മഹാറാലി നടത്തുമ്പോൾ അത് മുസ്ലിം വിഷയമല്ല മറിച്ച്‌ മനുഷ്യാവകാശത്തിന്റെ പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. പലസ്‌തീന്‌ വേണ്ടി നടക്കുന്ന ഏറ്റവും വലിയ റാലിയാണ് കോഴിക്കോട് നടക്കുന്നത്. ഈ മഹാറാലി സമാധാനത്തിന് വേണ്ടിയാണ് നടക്കുന്നത്. ഇന്ത്യ ഗാന്ധിജിയുടെ കാലം മുതൽ എന്നും സമാധാനത്തിനൊപ്പമാണ് നിന്നിട്ടുള്ളത് എന്ന് ശശി തരൂർ പറഞ്ഞു. മഹാറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതരത്വത്തിന് വേണ്ടി, ജനാധിപത്യത്തിന് വേണ്ടി നിൽക്കുന്ന മുസ്ലിം ലീഗ് ഈ റാലി സംഘടിപ്പിക്കുമ്പോൾ ഇത് വെറും മുസ്ലിം വിഷയമാണെന്ന് ആരും വിചാരിക്കരുത്. ഇത് മനുഷ്യാവകാശത്തിന്റെ വിഷയമാണ്. ബോംബ് വീഴുന്നത് ആരുയടെയും മതം ചോദിച്ചിട്ടല്ല. പലസ്തീനിൽ ജനങ്ങളിൽ ഒന്ന്- രണ്ട് ശതമാനം ക്രിസ്ത്യാനികളുമുണ്ട്. അവരും ഈ യുദ്ധത്തിൽ മരിച്ചെന്ന് ശശി തരൂർ പറഞ്ഞു.

ഹമാസിനെ ശശി തരൂർ ഭീകരർ എന്ന് വിശേഷിപ്പിച്ചു. ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രയേലിനെ ആക്രമിച്ചു. 1400 പേർ കൊല്ലപ്പെട്ടു. പക്ഷെ ഇസ്രയേൽ അതിന് നൽകിയ മറുപടി ഗാസയിൽ ബോംബിട്ടുകൊണ്ടാണ്. അതിൽ 6000 തിലധികം പേർ ഇതുവരെ കൊല്ലപ്പെട്ടു. ഇസ്രയേൽ ഇപ്പോഴും ബോംബാക്രമണം നിർത്തിയിട്ടില്ലെന്ന് ശശി തരൂർ പറഞ്ഞു.

പലസ്തീനിൽ നടക്കുന്നത് മാനുഷിക നിയമത്തിന്റെ ലംഘനമാണെന്ന് ശശി തരൂർ പറഞ്ഞു. ഭക്ഷണം, വെള്ളം, വൈദ്യുതി, തുടങ്ങിയ അവശ്യ വസ്തുക്കൾ പോലും ഇസ്രയേൽ നിഷേധിക്കുന്നു. ആശുപത്രികളുടെ പ്രവർത്തനങ്ങൾ പോലും പ്രതിസന്ധിയിലാണ്. നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പടെയുള്ളവർ ഓരോ ദിവസവും മരിക്കുന്നു. പലസ്തീനയിൽ ജനീവ കൺവൻഷന്റെ നിയമങ്ങൾ ലംഘനമാണ് നടക്കുന്നത്. യുദ്ധത്തിനും ചില നിയമങ്ങളുണ്ട്. അതൊക്കെ ഇസ്രയേൽ ലംഘിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker