കോട്ടയം:പ്രധാന തിരുനാൾ ദിവസമായ ജനുവരി 24, 25 (തിങ്കൾ, ചൊവ്വാ ) ദിവസങ്ങളിൽ പാലരുവി എക്സ്പ്രസ്സ് ഉൾപ്പെടെ 3 ട്രെയിനുകൾക്ക് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു.പാലരുവിയ്ക്ക് പുറമേ 16630 മംഗലാപുരം തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ്, 16347 തിരുവനന്തപുരം -മംഗലാപുരം എക്സ്പ്രസ്സ് എന്നീ ട്രെയിനുകൾക്കാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
പാലരുവിയ്ക്ക് സ്ഥിരമായി ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നത് യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യമാണ്. പുലർച്ചെ 06 40 നുള്ള മെമുവാണ് ഇപ്പോൾ എറണാകുളത്ത് ഓഫീസ് സമയം പാലിക്കുന്ന ഏക ട്രെയിൻ. ആ സമയത്ത് സ്ത്രീകളടക്കം നിരവധി യാത്രക്കാർ സ്റ്റേഷനിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുകയാണ്. 07 30 ന് ഏറ്റുമാനൂരിലൂടെ കടന്നുപോകുന്ന പാലരുവി മടക്കയാത്രയ്ക്കും ഏറെ അനുയോജ്യമായതിനാലാണ് സ്ഥിരമായി സ്റ്റോപ്പ് നൽകണമെന്ന ആവശ്യം കൂടുതൽ ശക്തമാകുന്നത്. കേന്ദ്രമന്ത്രി അടക്കം പാർലമെന്റ് രാജ്യസഭാ എം പിമാരെയും മറ്റു ജനപ്രതിനിധികളെയും ഈ വിഷയവുമായി ബന്ധപ്പെട്ട് യാത്രക്കാർ സമീപിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
മണ്ഡലകാലത്തോട് അനുബന്ധിച്ച് ഏറ്റുമാനൂർ ക്ഷേത്രം സന്ദർശിക്കുന്ന ഭക്ത ജനങ്ങളെ കൂടി പരിഗണിച്ച് പാലരുവിയ്ക്ക് സ്റ്റോപ്പ് നൽകണമെന്ന് ഏറ്റുമാനൂർ നഗരസഭാ കൗൺസിലർ ഉഷാ സുരേഷിന്റെ നേതൃത്വത്തിൽ റെയിൽവേ പാസഞ്ചർ അഫിനിറ്റി ചെയർമാൻ പി. കെ കൃഷ്ണദാസിന് നിവേദനം നൽകിയിരുന്നു. പക്ഷേ പാലരുവിയ്ക്ക് വേണ്ടിയുള്ള ആവശ്യം വീണ്ടും റെയിൽവേ നിരാകരിക്കുകയായിരുന്നു. മണ്ഡലകാലത്ത് ദിവസവും ആയിരക്കണക്കിന് ഭക്തരാണ് ഇത്തവണയും ഏറ്റുമാനൂർ ക്ഷേത്രം സന്ദർശിക്കാനെത്തിയത്.
രാത്രികാല നിയന്ത്രണ സമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ പാലരുവി എക്സ്പ്രസ്സ് മാത്രമാണ് ഈ തിരുനാൾ ദിനങ്ങളിലും വിശ്വാസികൾക്ക് ഏറെ ആശ്വാസയി മാറുക. തെക്കൻ കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ പെരുന്നാളുകളിൽ ഒന്നാണ് അതിരമ്പുഴയിലെ വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുനാൾ. നഗരം ചുറ്റിയുള്ള പ്രദക്ഷിണവും കരിമരുന്നു കാലപ്രകടനവും ചരിത്രത്തിന്റെ ഭാഗമാണ്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടും അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ചുമാണ് ഇത്തവണയും തിരുനാൾ ആഘോഷിക്കുന്നതെന്ന് വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ അറിയിച്ചു.
ജനുവരി 24, 25 തീയതികളിൽ ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ച ട്രെയിനുകളും സമയവും.
16630 മംഗലാപുരം തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ് – പുലർച്ചെ 04 23/ 04 24 (Arrival/ Departure )
16347 തിരുവനന്തപുരം – മംഗലാപുരം എക്സ്പ്രസ്സ് – 00.06/00.07
16791 തിരുനെൽവേലി – പാലക്കാട് പാലരുവി എക്സ്പ്രസ്സ് – 07 26/ 07 27
16792 പാലക്കാട് – തിരുനെൽവേലി പാലരുവി എക്സ്പ്രസ്സ് -19.59/20.00
തിരുനാളിനോട് അനുബന്ധിച്ച് പാലരുവിയ്ക്ക് ഏറ്റുമാനൂർ സ്റ്റോപ്പ് അനുവദിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ഏറ്റുമാനൂർ പ്രതിനിധികൾ ശ്രീജിത്ത് കുമാർ, ഷിനു എം. സ് എന്നിവർ അറിയിച്ചു