KeralaNews

കാത്തിരിപ്പിനൊടുവിൽ പാലരുവിയെത്തി, ഏറ്റുമാനൂരിൽ ഊഷ്മള സ്വീകരണം നൽകി യാത്രക്കാർ, സ്റ്റേഷന് സമ്മാനങ്ങളും

ഏറ്റുമാനൂർ:ഇന്ന് രാവിലെ ഏറ്റുമാനൂരിലെത്തിയ 16791 പാലക്കാട് പാലരുവി എക്സ്പ്രസ്സിന് യാത്രക്കാരുടെ നേതൃത്വത്തിൽ സ്റ്റേഷനിൽ സ്വീകരണം നൽകി. പാലക്കാടേയ്ക്കുള്ള പാലരുവിയുടെ ആദ്യ സ്റ്റോപ്പായിരുന്നു ഇന്ന്. എറണാകുളത്ത് ഓഫീസ് സമയം പാലിക്കുന്ന പാലരുവി എക്സ്പ്രസ്സിന് സ്റ്റോപ്പ്‌ വേണമെന്നത് ഏറ്റുമാനൂർ സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു. തിരുനെൽവേലിയ്ക്കുള്ള പാലരുവിയുടെ ആദ്യ സ്റ്റോപ്പായ ഇന്നലെയും വൻ ജനാവലി സ്റ്റേഷനിൽ എത്തിച്ചേർന്നിരുന്നു.

പാലരുവിയ്ക്ക് സ്റ്റോപ്പ്‌ അനുവദിച്ചതിലുള്ള നന്ദി സൂചകമായി യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ വീൽ ചെയർ, സ്‌ട്രെക്ച്ചർ, ഡസ്റ്റ് ബിനുകൾ എന്നിവ യാത്രക്കാർ സ്റ്റേഷന് സമർപ്പിച്ചു. ഫ്രണ്ട്‌സ് ഓൺ റെയിൽസ് പ്രതിനിധികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ, ബോസ് കുര്യൻ എന്നിവരിൽ നിന്ന് സ്റ്റേഷൻ മാസ്റ്റർ ഷാജു സെബാസ്റ്റ്യൻ യാത്രക്കാരുടെ സ്നേഹോപഹാരങ്ങൾ ഏറ്റുവാങ്ങി..

സ്റ്റേഷനിലേയ്‌ക്ക് ആദ്യമായി എത്തുന്നവർ നേരിടുന്ന ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് സ്റ്റേഷനിലേക്കുള്ള ഇരുറോഡിന്റെ വശങ്ങളിലും സ്റ്റേഷനെ സൂചിപ്പിക്കുന്ന ദിശാബോർഡുകളും യാത്രക്കാർ നിർമ്മിച്ചു നൽകി.ഏറ്റുമാനൂരിലെ യാത്രക്കാർ റെയിൽവേയ്ക്ക് നൽകിയ ഉപഹാരങ്ങൾ മറ്റുള്ളവർക്ക് കൂടി മാതൃകയാണെന്ന് സെക്രട്ടറി ലിയോൺസ് ജെ അഭിപ്രായപ്പെട്ടു.

പാലരുവിയുടെ സ്റ്റോപ്പിന് വേണ്ടിയുള്ള പരിശ്രമങ്ങളിൽ മുന്നിൽ നിന്ന സ്ത്രീയാത്രക്കാർക്കുള്ള ആദരവ് കൂടിയായിരുന്നു വ്യാഴാഴ്ച രാവിലെ ഒരുക്കിയ സ്വീകരണം. പാലരുവി നിയന്ത്രിച്ച ലോക്കോ പൈലറ്റ് ശ്രീ ആന്റോ കുര്യയാക്കോസ്, അസിസ്റ്റന്റ് ലോക്കോ ശ്രീ ജോബി ജോൺ എന്നിവർക്ക് അസോസിയേഷൻ പ്രതിനിധിയായ രജനി സുനിൽ ഹാരമണിയിച്ചും മഞ്ജുഷ, ശാലു മോഹനൻ എന്നിവർ പൂച്ചെണ്ടുകൾ നൽകിയും സ്വീകരിച്ചു. ട്രെയിനിന് പുഷ്പ ഹാരമണിയിച്ചും പ്ലാറ്റ് ഫോമിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തും യാത്രക്കാർ സന്തോഷം പങ്കുവെച്ചു.

സ്റ്റോപ്പ്‌ അനുവദിച്ച ഇന്ത്യൻ റെയിൽവേയുടുള്ള നന്ദി രേഖപ്പെടുത്തുന്നതിനൊപ്പം രാവിലെ തിരുവനന്തപുരം ഭാഗത്തേയ്ക്ക് ഒരു ട്രെയിന് കൂടി സ്റ്റോപ്പ്‌ അനുവദിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. നിലവിൽ ഉച്ചക്ക് മൂന്ന് മണിയ്ക്ക് ശേഷമെത്തുന്ന പരശുറാമാണ് തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള ആദ്യത്തെ ട്രെയിൻ. അമൃത് ഭാരത്‌ പദ്ധതിയിൽ ഉളപ്പെടുത്തിയതിലൂടെ ഏറ്റുമാനൂർ സ്റ്റേഷനിൽ ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പദ്ധതിയുടെ പൂർണ്ണതയിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകളും പ്രതീക്ഷയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker