സിഡ്‌നി: ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പാകിസ്ഥാന്‍ ടി20 ലോകകപ്പ് സെമിയില്‍. സിഡ്‌നിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരിഞ്ഞെടുത്ത ന്യൂസിലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്താന്‍ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു. മുഹമ്മദ് റിസ്‌വാന്‍ (57), ബാബര്‍ അസം (53) എന്നിവരാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. നാളെ ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെ പാകിസ്ഥാന്‍ ഫൈനലില്‍ നേരിടും.
ഓപ്പണിംഗ് വിക്കറ്റില്‍ ബാബര്‍- റിസ്‌വാന്‍ സഖ്യം 105 റണ്‍സാണ് നേടിയത്. 13-ാം ഓവറിലാണ് അസം മടങ്ങുന്നത്. പുറത്താവുമ്പോള്‍ ഏഴ് ബൗണ്ടറികളുടെ അകമ്പടിയോടെ താരം 53 റണ്‍സ് നേടിയിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ മുഹമ്മദ് ഹാരിസ് (26 പന്ത് 30) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ഇതിനിടെ റിസ്‌വാന്‍ മടങ്ങി.
അഞ്ച് ബൗണ്ടറികളാണ് ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നത്. ഹാരിസിനെ 19-ാം ഓവറിന്റെ അവസാന പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ മടക്കി. എന്നാല്‍ ടിം സൗത്തിയെറിഞ്ഞ അവസാന ഓവറില്‍ ഷാന്‍ മസൂദ് (3) വിജയം പൂര്‍ത്തിയാക്കി. ഇഫ്തികര്‍ അഹമ്മദ് (0) പുറത്താവാതെ നിന്നു.
ട്രന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് നേടി. നേരത്തെ, മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് നഷ്ടമായി. മത്സരത്തിലെ ആദ്യ പന്തില്‍ അഫ്രീദിക്കെതിരെ ബൗണ്ടറി നേടികൊണ്ടാണ് അലന്‍ തുടങ്ങിയത്. എന്നാല്‍ മൂന്നാം പന്തില്‍ പുറത്താവുകയും ചെയ്തു.
അഫ്രീദിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ വില്യംസണും കോണ്‍വെയും മനോഹരമായി കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നിര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തിയത്. ഹാരിസ് റൗഫിന്റെ പന്ത് മിഡ് ഓഫിലേക്ക് തട്ടിയിട്ട് കോണ്‍വെ സിംഗിളിന് ശ്രമിച്ചു. എന്നാല്‍ ഷദാബ് ഖാന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാവുകായിരുന്നു താരം. ഇതോടെ ആറ് ഓവറില്‍ രണ്ടിന് 38 എന്ന നിലയിലായി കീവിസ്. മികച്ച ഫോമിലുള്ള ഫിലിപ്‌സ് നവാസിന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി.
എട്ട് ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ മൂന്നിന് 49 ആയിരുന്നു കിവീസ്. പിന്നീട് വില്യംസണ്‍- മിച്ചല്‍ സഖ്യം നേടിയ 68 റണ്‍സാണ് കിവീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 42 പന്തില്‍ ഒരു സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു വില്യംസണിന്റെ ഇന്നിംഗ്‌സ്.
അഫ്രീദിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. വില്യംസണ്‍ മടങ്ങിയെങ്കിലും നീഷമിനെ (12 പന്തില്‍ 16) കൂട്ടുപിടിച്ച് മിച്ചല്‍ കിവീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. അഫ്രീദിക്ക് പുറമെ മുഹമ്മദ് നവാസ് ഒരു വിക്കറ്റ് വീഴ്ത്തി. നേരത്തെ, മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്.