മുംബൈ∙ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് മലയാളി ക്രിക്കറ്റ് ആരാധകർക്ക് നിരാശയാണു സമ്മാനിച്ചത്. മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്താത്തതാണ് ആരാധകരെ നിരാശയിലാക്കിയത്. സഞ്ജു ലോകകപ്പ് കളിക്കുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ‘സ്റ്റാന്‍ഡ് ബൈ’ താരങ്ങളുടെ പട്ടികയിൽ പോലും സഞ്ജുവിനെ ഉള്‍പ്പെടുത്തിയില്ല. ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയയ്ക്കും എതിരായ പരമ്പരകളിലും താരത്തിന് അവസരം ലഭിച്ചില്ല.
സമൂഹമാധ്യമങ്ങളില്‍ ബിസിസിഐയ്ക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. മലയാളികൾക്കു പുറമേ രാജസ്ഥാൻ റോയൽസിന്റെ ആരാധകരും സഞ്ജുവിനു പിന്തുണയുമായെത്തി. സഞ്ജുവിനെ ലോകകപ്പിൽ കളിപ്പിക്കണമെന്ന ആവശ്യവുമായി പാക്കിസ്ഥാന്റെ മുൻ സ്പിന്നർ ഡാനിഷ് കനേരിയയും രംഗത്തെത്തി. സഞ്ജുവിനോടു ബിസിസിഐ കാണിക്കുന്നതു അനീതിയാണെന്നും കനേരിയ യുട്യൂബ് ചാനലിലെ വിഡിയോയിൽ പ്രതികരിച്ചു.
ഇന്ത്യയിൽ നടക്കേണ്ട ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ പരമ്പരകളിലേക്കു സഞ്ജുവിനെ പരിഗണിക്കാമായിരുന്നെന്നും ഋഷഭ് പന്തിനു പകരം സഞ്ജുവിനെ എടുക്കണമായിരുന്നെന്നുമാണ് കനേരിയയുടെ നിലപാട്. ‘‘സഞ്ജു സാംസണെ പോലൊരു താരത്തോട് ഇങ്ങനെ കാണിക്കുന്നത് അനീതിയാണ്. ലോകകപ്പ് ടീമിലേക്കു സഞ്ജുവിനെ പരിഗണിക്കണമായിരുന്നു. ടീമിലെടുക്കാതിരിക്കാൻ എന്തു തെറ്റാണു സഞ്ജു ചെയ്തത്?’’– ഡാനിഷ് കനേരിയ ചോദിച്ചു.
‘‘ഞാന്‍ ആയിരുന്നെങ്കില്‍ ഋഷഭ് പന്തിനു പകരം സഞ്ജുവിനെ കളിപ്പിക്കുമായിരുന്നു. ജമ്മു കശ്മീരിൽനിന്നുള്ള ഉമ്രാന്‍ മാലിക്കിനെ സ്റ്റാൻഡ് ബൈ ആയെങ്കിലും ടീമിൽ എടുക്കാമായിരുന്നു. അതിവേഗം പന്തെറിയുന്ന മാലിക്കിനെതിരെ ഇന്ത്യൻ ബാറ്റർമാർക്ക് നെറ്റ്സിൽ കളിക്കാമായിരുന്നു. വിരാട് കോലി ഫോമിലേക്കു തിരിച്ചെത്തിയ സാഹചര്യത്തിൽ രോഹിത് ശർമയും കെ.എൽ. രാഹുലും വലിയ സ്കോറുകൾ കണ്ടെത്തേണ്ടതുണ്ട്. അല്ലെങ്കിൽ ഇന്ത്യയുടെ പ്രകടനം ഏഷ്യാ കപ്പിലേതുപോലെയാകും.’’– ഡാനിഷ് കനേരിയ വ്യക്തമാക്കി.