CricketNewsSports

പാകിസ്ഥാന് ജീവശ്വാസം! കാനഡയെ പരാജയപ്പെടുത്തി ആദ്യ ജയം

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ആദ്യ ജയവുമായി പാകിസ്താന്‍. ദുര്‍ബലരായ കാനഡയെ ഏഴു വിക്കറ്റിനാണ് പാകിസ്താന്‍ പരാജയപ്പെടുത്തിയത്. നേരത്തേ ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത് കാനഡയെ ഏഴിന് 106 റണ്‍സില്‍ ഒതുക്കിയ പാകിസ്താന്‍ 17.3 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. യുഎസ്എയോടും ഇന്ത്യയോടും തോറ്റ പാകിസ്താന് സൂപ്പര്‍ എട്ട് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്നു. മൂന്ന് കളികളില്‍ നിന്ന് രണ്ടു പോയന്റുമായി ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനത്താണ് പാകിസ്താന്‍.

പാകിസ്താനായി മുഹമ്മദ് റിസ്വാന്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങി. 53 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും രണ്ടു ഫോറുമടക്കം 53 റണ്‍സോടെ പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ബാബര്‍ അസം 33 പന്തില്‍ നിന്ന് 33 റണ്‍സെടുത്തു. ഒരു സിക്‌സും ഫോറും മാത്രമായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്‌സില്‍. റിസ്വാന്‍ – ബാബര്‍ സഖ്യം രണ്ടാം വിക്കറ്റില്‍ 63 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

സയിം അയൂബ് (6), ഫഖര്‍ സമാന്‍ (4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. കാനഡയ്ക്കായി ഡില്ലന്‍ ഹെയ്‌ലിഗര്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

നേരത്തേ പാകിസ്താന്‍ ബൗളിങ്ങിനെതിരേ ഒറ്റയ്ക്ക് നിന്ന് പൊരുതിയ ഓപ്പണര്‍ ആരോണ്‍ ജോണ്‍സന്റെ മികവിലാണ് കാനഡ 106 റണ്‍സെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാനഡയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് ജോണ്‍സന്റെ ഇന്നിങ്സാണ്. 44 പന്തില്‍ നിന്ന് നാലു വീതം സിക്സും ഫോറുമടക്കം താരം 52 റണ്‍സെടുത്തു.

13 എക്സ്ട്രാ റണ്ണുകള്‍ വന്ന ഇന്നിങ്സില്‍ ജോണ്‍സനെ കൂടാതെ രണ്ടക്കം കണ്ടവര്‍ രണ്ടുപേര്‍ മാത്രം. 13 റണ്‍സെടുത്ത കലീം സാനയും 10 റണ്‍സെടുത്ത ക്യാപ്റ്റന്‍ സാദ് ബിന്‍ സഫറും. നവ്നീത് ധലിവാള്‍ (4), പര്‍ഗത് സിങ് (2), നിക്കോളാസ് കിര്‍ട്ടണ്‍ (1), ശ്രേയസ് മോവ (2) എന്നിവരെല്ലാം വന്നപോലെ മടങ്ങി. പാകിസ്താനായി മുഹമ്മദ് ആമിറും ഹാരിസ് റൗഫും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button